കോഴിക്കോട് തോട്ടുമുക്കത്ത് ക്വാറിയില്‍ നിന്നുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കിയത് ചോദ്യം ചെയ്ത വൃദ്ധയേയും മൂന്ന്പേരക്കുട്ടികളെയും ക്വാറി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ക്വാറിയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞു. ഒരു സുരക്ഷ ജീവനക്കാരനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.
അവധിക്ക് നാട്ടിലെത്തിയ പേരമക്കള്‍ വീടിന് സമീപത്തെ തോട്ടില്‍ കുളിക്കാന്‍ പോയിരുന്നു. ഈ സമയം ക്വാറിയിലെ ജീവനക്കാര്‍ തോട്ടിലേക്ക് മലിനജലം ഒഴുക്കി. ഇത് നിര്‍ത്തണമെന്നാവശ്യപ്പെട്ടപ്പോഴാണ് എഴുപത്താറ്കാരിയായ പാലത്തിങ്കല്‍ ഏലിക്കുട്ടിയെയും മൂന്ന് പേരമക്കളേയും ക്വാറിയിലെ സുരക്ഷ ജീവനക്കാര്‍മര്‍ദ്ദിച്ചതെന്നാണ് പരാതി. ഏലിക്കുട്ടി പേരമക്കളായ അജല്ലോ, ജെസ്പിന്‍,ജെസ്റ്റിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുക്കത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വാറിയിലെ ഇതര സംസ്ഥാന തൊഴിലാളികളായ
സുരക്ഷ ജീവനക്കാര്‍ ഓഫീസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും ഏലിക്കുട്ടിയുടെ ബന്ധുക്കളും ഇന്ന് ചേലൂപ്പാറയിലെ ക്വാറിയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞു. ഏലിക്കുട്ടിയുടെ ബന്ധുക്കള്‍ പൊലീസ് പരാതി നല്‍കി.സംഭവത്തില്‍ ക്വാറിയിലെ സുരക്ഷ ജീവനക്കാരന്‍ ലവകുമാറിനെ പൊലീസ് അറസറ്റ് ചെയ്തു.
