കോയമ്പത്തൂര്‍: നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതികളായ സുനില്‍കുമാറിനെയും വിജീഷിനെയും കോയമ്പത്തൂരില്‍ ഒളില്‍ താമസിച്ചിരുന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പരിശോധനയില്‍ കോയമ്പത്തൂരിലെ വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും ടാബും കണ്ടെത്തി. ഒരു ആണ്‍ഡ്രോയിഡ് ഫോണും ടാബുമാണ് വീട്ടിലെ റൂമില്‍ നിന്ന് കണ്ടെത്തിയത്. ഇവ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു
കഴിഞ്ഞ തിങ്കളാഴ്ചയാണ് സുനില്‍കുമാര്‍ കോയമ്പത്തൂരിലെത്തിയത്. റൂമില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ നടിയുടെ ദൃശ്യങ്ങളെടുത്ത അതേ മൊബൈലാണോ എന്ന് പോലീസ് സംശയക്കുന്നുണ്ട്. വിജീഷിനെയും സുനിലിനെയും പ്രത്യേകം വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസ് സുനില്‍ കുമാറിനെ വീണ്ടും ചോദ്യം ചെയ്യുകയാണ്.
പ്രതികള്‍ കോടതിയിലെത്താനുപയോഗിച്ച ബൈക്കിന്റെ രേഖകള്‍ വ്യാജമെന്നാണ് പോലീസ് പറയുന്നത്. രേഖകള്‍ ഹാജരാക്കാന്‍ ബൈക്കിന്റെ ഉടമസ്ഥനായ ശെല്‍വന് അന്വേഷണ സംഘത്തിന്റെ നിര്‍ദേശം നല്‍കി. എന്നാല്‍ ബൈക്ക് പ്രതികള്‍ക്ക് നല്‍കിയില്ലെന്നും മോഷണം പോയതാണെന്നുമാണ് ശെല്‍വന്‍ പറയുന്നത്.
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സുനിലിനെ ചോദ്യം ചെയ്യുകയാണ്. നടിയെ ആക്രമിച്ചു മുങ്ങിയ ശേഷമുള്ള രാത്രികളിലെല്ലാം വഴിവക്കിലോ, കടത്തിണ്ണയിലോ, ഒഴിഞ്ഞ കെട്ടിടത്തിനു മുകളിലോ ആണു രാത്രി കഴിച്ചുകൂട്ടിയതെന്നു സുനി മൊഴി നല്‍കിയിരുന്നു. കയ്യില്‍ പണമില്ലാത്തതിനാലാണു ലോഡ്ജുകളിലും മറ്റും തങ്ങാതിരുന്നത്. അറസ്റ്റിലാകുന്നതിന്റെ തലേന്നു തന്നെ ജില്ലയിലെത്തിയിരുന്നുവെന്നും കോലഞ്ചേരിയിലെ കെട്ടിടത്തിനു മുകളിലാണു രാത്രി കഴിച്ചുകൂട്ടിയതെന്നും ചോദ്യം ചെയ്യലിനിടെ സുനി വെളിപ്പെടുത്തി.
