കോഴിക്കോട്: മുക്കത്ത് സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ച് പരുക്കേൽപ്പിച്ചതായി പരാതി. കൂന്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾക്കാണ് മർദനമേറ്റത്.

പ്ലസ്‌ ടു വിദ്യാർത്ഥികളായ മുഹമ്മദ്‌ ജുനൈദ് (18),അനീസ്‌ മുഹമ്മദ്‌ ( 18),സഞ്ജയ്‌ ഷാജി ( 16,) മുഹമ്മദ് മുഫലിഹ്(18) ജെറോം തോമസ് (18) എന്നിവർക്കാണ് മർദ്ധനമേറ്റത്. വ്യാഴാഴ്ച വൈകുന്നേരം 4.30 ഓടെ സ്കൂൾ കഴിഞ്ഞു വീടിലേക്ക്‌ പോകും വഴി 3 ബൈക്കുകളിലായി എത്തിയ 8 അംഗ സംഘമാണ് മർദ്ധിച്ചതെന്ന് വിദ്യാർത്ഥികൾ തിരുവമ്പാടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു

പരിക്കേറ്റ വിദ്യാർഥികൾ മുക്കം ഹെൽത്ത്‌ സെന്ററിൽ ചികിത്സയിലാണ്. മർദ്ദനം കണ്ട നാട്ടുകാർ ഓടി എത്തിയാണ് വിദ്യാർത്ഥികളെ രക്ഷിച്ചത്. നാട്ടുകാരെ കണ്ടതോടെ അക്രമികൾ സ്ഥലം വിടാൻ ശ്രമിച്ചു. ഇവരെ നാടുകാർ മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് പിടികൂടി. അക്രമികളെ പോലീസിന് കൈമാറി. കഴിഞ്ഞ ദിവസം സ്കൂളിലേക്ക് ബൈക്ക് കൊണ്ട് വന്നതിനു ഒരു വിദ്യാർത്ഥിയുമായി മർദ്ദനമേറ്റവരിൽ ചിലർ വാക്ക് തർക്കം ഉണ്ടായിരുന്നു.ആ വിദ്യാർഥിയുടെ സഹോദരന്‍റെ സുഹൃത്തുക്കളാണ് ആക്രമിച്ചവരെന്നാണ് പോലീസ് പറയുന്നത്. പിടിയിലായവരെ പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.