കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ വീട്ടിനെതിരെ ആക്രമണം

കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്‍റെ വീട്ടിനെതിരെ ആക്രമണം. പുലര്‍ച്ചെ 1.45 ഓടെയായിരുന്നു ആക്രമണം. കീഴാറ്റൂരിലെ സുരേഷിന്‍റെ വീട്ടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു.സംഭവസമയത്ത് സുരേഷ് കീഴാറ്റൂരും കുടുംബവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യം മുകളിലത്തെ നിലയിലേക്കും പിന്നീട് താഴത്തെ നിലയിലേക്കും കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് വേഗത്തില്‍ പാഞ്ഞ് പോകുന്ന ശബ്ദവും കേട്ടുവെന്ന് സുരേഷ് പറഞ്ഞു.

വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരേയാണ് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. വയല്‍ക്കിളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വയലിനു നടുവില്‍ കൂടാരം നിര്‍മിച്ചു രാപ്പകല്‍ കാവല്‍ കിടക്കുന്നതായിരുന്നു സമരരീതി. കഴിഞ്ഞ ദിവസം സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സമരപന്തല്‍ തീയീട്ടു നശിപ്പിച്ചിരുന്നു.

 ബന്ധുവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ രണ്ട് ബൈക്ക് പോകുന്നതും കണ്ടിരുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത്തരം ആക്രമണങ്ങള്‍ തങ്ങളുടെ സമരത്തെ ബാധിക്കുകയില്ലെന്ന് സുരേഷ് പറഞ്ഞു.