ബംഗളുരു: സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വിദേശ യുവതിയുടെ വിലയേറിയ സ്വർണാഭരണം മോഷണം പോയി. ആസ്ട്രേലിയയിലെ നോർത് ഹൊബാർട് ലെറ്റിറ്റിയ സ്ട്രീറ്റിലെ ജെന്നിഫർ മരിയ ആണ് ഇ. മെയിലിലൂടെ ബംഗളുരു പൊലീസിൽ പരാതി നൽകിയത്. ആറ് മാസം മുമ്പ് സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാനായി സൗത് ബംഗളുരുവിലെ ഹുലിമാവിൽ എത്തിയപ്പോഴാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.
പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂൺ 22ന് രാത്രി 11.40നാണ് മരിയ മലേഷ്യൻ എയർലൈൻസിൽ ബംഗളുരുവിൽ ഇറങ്ങിയത്. കാണാതായ തന്റെ രണ്ട് ലഗേജുകൾ രണ്ട് ദിവസം കഴിഞ്ഞ് എയർലൈൻസ് അധികൃതർ ഹുലിമാവ് ജയന്തിനഗറിലുള്ള സഹോദരന്റെ വീട്ടിലെത്തിച്ചതായി മരിയ പറയുന്നു.
ലഗേജിലുണ്ടായിരുന്ന ആഭരണപെട്ടി തുറന്നപ്പോൾ അത് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് താൻ ഞെട്ടിയതായും മരിയ പറയുന്നു. ജൂൺ 24ന് രാവിലെ പത്ത് മണിയോടെ ഒരു കാബ് ഡ്രൈവറാണ് രണ്ട് ബാഗുകൾ തനിക്ക് എത്തിച്ചതെന്നും മരിയയുടെ പരാതിയിൽ പറയുന്നു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 164.78 ഗ്രാം സ്വർണാഭരണമാണ് നഷ്ടപ്പെട്ടതെന്നും മരിയ പറയുന്നു.
