ലക്നോ: മുസഫര്‍ നഗര്‍ ട്രെയിന്‍ ദുരന്തത്തിന് ഉത്തരവാദികളായ നാല് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ ട്രെയിന്‍ കടന്നുപോയതാണ് അപകട കാരണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ട്രാക്കുകളില്‍ പണി നടക്കുന്ന വിവരം അറിയാതിരുന്ന ലോക്കോ പൈലറ്റ് അറ്റക്കുറ്റപ്പണി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ട്രെയിന്‍ പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിച്ചതാണ് അപകട കാരണമെന്നായിരുന്നു റെയില്‍വേയുടെ കണ്ടെത്തല്‍.
ഉത്തരവാദികള്‍ക്കെതിരെ ഇന്ന് തന്നെ നടപടിയെടുക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റെയില്‍ബോര്‍ഡ് ചെയര്‍മാന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ഒരാളെ സ്ഥലംമാറ്റി. രണ്ടുപേര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി. സീനിയര്‍ ഡിവിഷണല്‍ എഞ്ചിനയര്‍ അടക്കമുള്ളവര്‍ക്കാണ് സസ്‌പെന്‍ഷന്‍. റെയില്‍വേയുടെ വടക്കന്‍ മേഖല റെയില്‍വേ മാനേജര്‍, ദില്ലി ഡിവിഷണല്‍ മാനേജര്‍ എന്നിവര്‍ക്കാണ് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്.
വടക്കന്‍ റെയില്‍വേ ട്രാക്ക് എഞ്ചിനിയറിംഗ് മേധാവിയ്‌ക്കാണ് സ്ഥലം മാറ്റം. ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. അശ്രദ്ധകൊണ്ടുള്ള മരണം, സ്വത്തുക്കള്‍ക്ക് നാശനഷ്‌ടമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചമുത്തിയത്. ഉത്തര്‍പ്രദേശിലെ പുരിയില്‍ നിന്ന് ഹരിദ്വാറിലേക്ക് പോയ ഉത്കല്‍ എക്‌സ്‌പ്രസ് മുസഫര്‍നഗറില്‍ പാളം തെറ്റിമറിഞ്ഞ് 23 പേരാണ് ഇന്നലെ മരിച്ചത്.
