സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരേ ബോധവല്‍ക്കരണവുമായി കണ്ണൂർ ജില്ലാ കലക്ടർ

കണ്ണൂർ: ഫോര്‍വേഡ് മെസേജുകളും വ്യാജ വാർത്തകളും മനുഷ്യ ജീവൻ കവരുമ്പോൾ പുതിയ തലമുറയ്ക്ക് ബോധവൽക്കരണം നൽകി മാതൃകയാവുകയാണ് കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദലി. വാട്ട്സ്ആപ്പിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വന്ന തെറ്റായ സന്ദേശങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നായി ഇരുപതിലധികം പേരുടെ ജീവന്‍ കവര്‍ന്ന പശ്ചാത്തലത്തിലാണ് പുതുതലമുറയ്ക്ക് മീര്‍ മുഹമ്മദലി മാതൃകയാവുന്നത്. 

എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കിടയില്‍ 'സത്യമേവ ജയതേ' എന്ന പേരില്‍ ബോധവത്കരണ ക്ലാസുകള്‍ ആരംഭിക്കാനാണ് കളക്ടര്‍ തീരുമാനിച്ചത്. മീസല്‍സ്-റൂബെല്ല വാക്‌സിനേഷനുമായി ബദ്ധപ്പെട്ടുണ്ടായ വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിച്ച കുട്ടികള്‍ റൂബെല്ല വാക്‌സിന്‍ എടുക്കുവാന്‍ വിസമ്മതിച്ച സംഭവങ്ങള്‍ക്ക് മീര്‍ മുഹമ്മദലി സാക്ഷിയായിരുന്നു. കുട്ടികളുടെ പ്രതിഷേധം കനത്തതോടെ ഒമ്പത് മാസത്തിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ പാതിവഴിയിൽ നിർത്തേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു. ഇത്തരം വീഴ്ചകള്‍ കുട്ടികളുടെ ജീവിതത്തെ അപകടപ്പെടുത്താന്‍ കഴിയുന്നതാണെന്ന് കലക്ടർ വിശദമാക്കുന്നു. 

നിപ്പാ വൈറസ് പടര്‍ന്ന സമയത്തും സമാന സംഭവങ്ങള്‍ ആരോഗ്യവകുപ്പിനും നേരിട്ടിരുന്നു. ഓരോ സ്കൂളുകളിലും കലക്ടര്‍ നേരിട്ടെത്തി വ്യാജവാര്‍ത്തകളെ പറ്റിയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു. 150 അധ്യാപകരാണ് ഈ പരിപാടിയില്‍ അംഗമായിട്ടുള്ളത്. രക്ഷിതാക്കളെ ബോധവാന്മാരാക്കുന്നതിന് പകരം കുട്ടികളെ ​ബോധവത്കരിക്കുന്നതാണ് നല്ലതെന്ന് മനസ്സിലാക്കിയാണ് കലക്ടർ ഈ ഉദ്യമവുമായി സ്കൂളുകളിൽ എത്തിയത്. കലക്ടറുടെ ഉദ്യമത്തിന് പൂർണ്ണ പിന്തുണയുമായി പൊലീസുകാരും രം​ഗത്തെത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് കൈമാറും മുമ്പ് വിവരങ്ങള്‍ സ്വയം പരിശോധിച്ച് സത്യമാണോ എന്ന് ഉറപ്പു വരുത്തുകയും സത്യം അറിയാന്‍ ശ്രമിക്കുകയും ചെയ്യുകയെന്നതാണ് സത്യമേവ ജയതേയിലൂടെ ലക്ഷ്യമിടുന്നത്.