ദില്ലി: തൃശൂര്‍ പൂരത്തിനിടെ ആനകള്‍ക്ക് ക്രൂരപീഡനമെന്ന് മൃഗസംരക്ഷണബോര്‍ഡിന്റെ റിപ്പോര്‍ട്ട്. സുപ്രീംകോടതിയില്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച 67 ആനകളില്‍ 31 എണ്ണവും അനധികൃമാണെന്ന് മൃഗസംരക്ഷണബോര്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

31 ആനകള്‍ക്കും ഉടമസ്ഥാവകാശസര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. മുറിവേറ്റതും, കാഴ്ചയില്ലാത്തതും, ആരോഗ്യമില്ലാത്തതുമായ ആനകളെ അനധികൃതമായി പൂരത്തിന് എഴുന്നള്ളിച്ചു. തോട്ടി പോലുള്ള നിരോധിയ്‌ക്കപ്പെട്ട ഉപകരണങ്ങള്‍ ഉപയോഗിച്ച് ആനകളെ പീഡിപ്പിച്ചു. ആരോഗ്യമില്ലാത്തതും മുറിവേറ്റതുമായ ആനകളെ മണിക്കൂറുകളോളം പൊരിവെയിലത്ത് നിര്‍ത്തി. ഇവയ്‌ക്ക് കുടിയ്‌ക്കാന്‍ വേണ്ട വെള്ളമോ ഭക്ഷണമോ നല്‍കിയിരുന്നില്ലെന്നും മൃഗസംരക്ഷണബോര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യമില്ലാത്ത ആനകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ അനിമല്‍ ഹസ്ബന്‍ഡറി, വൈല്‍ഡ് ലൈഫ് വകുപ്പുകളുടെ നടപടി നിയമവിരുദ്ധമാണെന്നും നേരിട്ട് പരിശോധന നടത്താന്‍ പൂരത്തിന്റെ ആനപ്പന്തിയില്‍ പോയപ്പോള്‍ അനുമതി ലഭിച്ചില്ലെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
ആനകളെ പീഡിപ്പിയ്‌ക്കുന്ന ചിത്രങ്ങളടക്കമുള്ള വിശദമായ റിപ്പോര്‍ട്ടാണ് മൃഗസംരക്ഷണബോര്‍ഡ് സുപ്രീംകോടതിയില്‍ നല്‍കിയിരിയ്‌ക്കുന്നത്.

എഴുന്നള്ളിക്കപ്പെട്ട മുഴുവന്‍ ആനകളെയും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുവാനും അവയുടെ ആരോഗ്യം, ഉടമസ്ഥാവകാശം എന്നിവ പരിശോധിച്ച് നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്രകാരം ഉപയോഗിക്കുന്ന ആനകളെ 2001ലെ പെര്‍ഫോമിംഗ് ആനിമല്‍സ് റൂള്‍സ് പ്രകാരം മൃഗക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 17, 18 തീയതികളിലാണ് സംഘം ആനകളെ പരിശോധിച്ചത്. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളെ കൂടാതെ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പീട്ടാ)ന്റെ ഭാഗമായ 'ആനിമല്‍ രാഹതി'ല്‍ നിന്നുള്ള വിദഗ്ധരും കേരളത്തിലെ വിവിധ മൃഗസ്നേഹികളുടെ സംഘടനയിലെ അംഗങ്ങളും പരിശോധനാസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.