കാസര്‍കോഡ്: കല്യാണി പറയുന്നു, നര കിഴങ്ങ് കഴിക്കൂ സകലരോഗവും അകറ്റൂ എന്ന്. കല്യാണി എന്നത് ഒരു വന്‍കിട കമ്പനിയുടെ പേര് അല്ല. വൈദ്യമോ നാട്ടു വൈദ്യമോ പഠിച്ചവരോ അല്ല. എന്തിന്, പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത കല്യാണി, കോളനി മൂപ്പന്മാരിലൂടെ സ്വായത്തമാക്കിയതാണ് നരയെന്ന ഔഷധത്തെ കുറിച്ചുള്ള അറിവാണ്. കാസര്‍കോഡിന് കിഴക്ക് 40 കിലോമീറ്റര്‍ അകലെ വെസ്റ്റ് എളേരി കുളത്തുക്കാട് പട്ടികജാതി കോളനിയിലെ കൂലി പണിയെടുത്തു ജീവിക്കുന്ന വീട്ടമ്മയാണ് നെല്ലിക്കാട്ട് കല്യാണി. 60 വയസ് പിന്നിട്ട ഇവര്‍ ആഴ്ചയില്‍ രണ്ടു ദിവസം നരകിഴങ്ങു കഴിക്കും. 

എന്താണ് നരകിഴങ്ങ് എന്ന് അറിയേണ്ടേ, അത് കല്യാണി വിവരിക്കുന്നത് ഇങ്ങനെ.. വനത്തിലോ സമാന സ്ഥലങ്ങളിലോ വളരുന്ന മുള്ള് നിറഞ്ഞ ഒരുതരം വള്ളിച്ചെടി. അതിന്റെ കിഴങ്ങിനാണ് കാശു കൊടുത്താല്‍ പോലും കിട്ടാത്ത അമൂല്യ ഔഷധ ഗുണമുള്ളത്. ആദിവാസികള്‍ക്ക് മാത്രമേ ഈകിഴങ്ങു കണ്ടെത്താന്‍ കഴിയുകയുള്ളൂ. മൂപ്പെത്തിയ കിഴങ്ങു കണ്ടെത്താനും പ്രയാസമാണ്.മണ്ണിനടിയിലൂടെ മീറ്ററുകളോളം നീളത്തില്‍ വളരുന്ന നരകിഴങ്ങു വളരെ സൂഷ്മതയോടെയാണ് പറിച്ചെടുക്കേണ്ടത്. പുറം തൊലി പൊട്ടാതെ നരകിഴങ്ങു പറിച്ചെടുക്കണം. തൊലി പൊട്ടിയാല്‍ ഗുണം കുറയും. 

ചെറു കഷ്ണങ്ങളാക്കി മുറിച്ചെടുക്കുന്ന നര കിഴങ്ങു കാട്ടുകല്ലില്‍ തേച്ചു മിനുക്കിയ കത്തി കൊണ്ടു വേണം തൊലി ചെത്തി ചെത്തിയെടുക്കാന്‍ ഉപ്പ് ചേര്‍ത്ത് പച്ചവെള്ളത്തില്‍ പുഴുങ്ങി എടുക്കുന്ന നരകിഴങ്ങ് കഴിച്ചാല്‍ ക്യാന്‍സര്‍ അടക്കമുള്ള സകല രോഗങ്ങളും പമ്പ കടക്കുമെന്ന് കല്യാണി പറയുന്നു. വെയിലത്തു വെച്ച് ഉണക്കി എടുക്കുന്ന നരകിഴങ്ങു പൊടിച്ചു പാലില്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കിയാല്‍ ശാസതടസ്സം, കഫ കെട്ട് എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്ക് ഉത്തമ മരുന്നാണെന്നും കല്യാണി അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ഒരുദിവസം മുഴുവന്‍ സമയമെടുത്താലേ നരകിഴങ്ങു കണ്ടെത്താന്‍ കഴിയുകയുള്ളൂ. തന്റെ പന്ത്രണ്ടാം വയസിലാണ് കല്യാണി ആദ്യമായി നരകിഴങ്ങു കഴിച്ചത്. അന്നുതൊട്ട് എവിടെ നരകിഴങ്ങുള്ള സ്ഥലം കണ്ടാലും കല്യാണി മറ്റൊന്നാലോചിക്കാതെ അത് പറിച്ചെടുക്കും. തന്റെ ആരോഗ്യത്തിന്റെ രഹസ്യം നരകിഴങ്ങിന്റെ ഔഷധ ഗുണമാണെന്ന് കല്യാണി പറയുന്നു.