പ്രതിപക്ഷനേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയേക്കാള്‍ നല്ലത് ഉമ്മന്‍ചാണ്ടിയാണെന്ന് ആര്‍എസ്‌പി സംസ്ഥാനസെക്രട്ടറി എ എ അസീസ്. ഘടകകക്ഷികളുടെ പിന്തുണ ഉമ്മന്‍ചാണ്ടിക്കാണെന്നും അസീസ് പറഞ്ഞു. വിവാദമായതോടെ അസീസ് പ്രസ്താവന തിരുത്തി. അസീസിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പ്രതികരിച്ചപ്പോള്‍ സ്ഥാനമാനങ്ങള്‍ വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല പ്രതികരിക്കാന്‍ തയ്യാറായില്ല.

ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്കോ, പ്രതിപക്ഷനേതൃസ്ഥാനത്തേക്കോ കൊണ്ട് വരാന്‍ പാകത്തിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഒരുവിഭാഗം കോന്‍ഗ്രസ് നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ബേബിജോണ്‍ ജന്മശതാബ്ധി പരിപാടികളെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിക്കനുകൂലമായ ആര്‍എസ് പി നിലപാട് എ എ അസീസ് വ്യക്തമാക്കിയത്.

പരാമര്‍ശം വലിയ വാര്‍ത്തയായതോടെ അസീസ് തിരുത്തി. തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നായിരുന്നു അസീസിന്റെ നിലപാട് മാറ്റം. എന്നാല്‍ കോന്‍ഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഘടകകക്ഷികള്‍ ഇടപെടുന്നത് ശരിയല്ലെന്ന് എംഎം ഹസന്‍ തുറന്നടിച്ചു. ഒരു സ്ഥാനത്തേക്കുമില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.