ഹൈദരബാദ്:  ഹൈദരാബാദില്‍ ഭിക്ഷാടകയായ അമ്മയുടെ കരങ്ങളില്‍ നിന്നും തട്ടിക്കൊണ്ടു പോകലിന് ഇരയാകുകയും 15 മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിനെ തിരിച്ചു പിടിക്കുകയും ചെയ്ത ഹൈദരാബാദിലെ സംഭവത്തിലെ ക്‌ളൈമാക്‌സ് ദൃശ്യമാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമായി വൈറലാകുന്നത്. ഹൈദരാബാദ് അഡീഷണല്‍ കമ്മീഷണര്‍ സ്വാതി ലാക്‌റ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പിഞ്ചുകുഞ്ഞിന്‍റെയും പോലീസ് ഓഫീസറുടെയും ചിത്രം 20,000 പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. 

നാമ്പള്ളിയില്‍ ഭിക്ഷാടനം നടത്തുന്ന 21 കാരി ഹുമേറാ ബീഗത്തിന്റെ മകന്‍ ഫൈസാന്‍ ഖാനെ ബുധനാഴ്ച പുലര്‍ച്ചെ 4.30 യ്ക്കായിരുന്നു രണ്ടു പേര്‍ തട്ടിക്കൊണ്ടു പോയത്. ഉറക്കമെഴുന്നേറ്റപ്പോള്‍ കുട്ടിയെ കാണാതെ നിലവിളിച്ച അവര്‍ പിന്നീട് മാമ്പള്ളി പോലീസിന്റെ സഹായം തേടുകയായിരുന്നു. സിസിടിവി ഫൂട്ടേജ് പരിശോധിച്ചപ്പോഴാണ് 42 കാരനായ മുഹമ്മദ് മുഷ്താഖിലേക്കും 25 കാരനായ മുഹമ്മദ് യൂസുഫിലേക്കും അന്വേഷണം നീണ്ടത്. മുഷ്താഖിന്റെ മക്കളില്ലാത്ത ബന്ധു മുഹമ്മദ് ഗൂസിന് ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം നേരത്തേ പറഞ്ഞിരുന്നു. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇരുവരും ചേര്‍ന്ന് ഹുമേറാ ബീഗത്തിന്‍റെ കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ രക്ഷിതാക്കളെ കൊണ്ടു വരാത്തതും സംശയം തോന്നിയതിനാലും കുട്ടിയെ വേണ്ടെന്ന് മുഹമ്മദ് നിലപാടെടുത്തതോടെ ഇരുവരും കുഞ്ഞുമായി തിരികെ പോകുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തട്ടിക്കൊണ്ടു പോകലിന് ഇരിയായി 24 മണിക്കൂര്‍ എത്തും മുമ്പ് തന്നെ കണ്ടെത്തിയപ്പോഴാണ് അവന്‍ പല്ലില്ലാത്ത മോണകാട്ടി പോലീസ് ഉദ്യോഗസ്ഥനെ നോക്കി ചിരിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥ പങ്കുവെച്ച ഈ അസാധാരണ നിമിഷം ഇപ്പോള്‍ നാട്ടുകാരില്‍ മുഴുവന്‍ സംതൃപ്തി പരത്തുകയാണ്.