അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്ന് ബോധം തെളിയുമെന്നായിരുന്നു ഡോക്ടേഴ്സിന്റെ അനുമാനം. എന്നാൽ ഇതുവരെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടില്ലെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചു. ഭാര്യ ലക്ഷ്മി അപകട നില തരണം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ബാലഭാസ്കറിന്റെ ആരോഗ്യനിലയിൽ പറയത്തക്ക പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങൾ. അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്ന് ബോധം തെളിയുമെന്നായിരുന്നു ഡോക്ടേഴ്സിന്റെ അനുമാനം. എന്നാൽ ഇതുവരെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടില്ലെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചു. ഭാര്യ ലക്ഷ്മി അപകട നില തരണം ചെയ്തിട്ടുണ്ട്. ഇന്നലെ കണ്ണു തുറന്ന ഇവര്‍ മകളെ തിരക്കിയതായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. മകൾ തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം എപ്പോൾ നടക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ആശുപത്രി വരാന്തയിൽ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് അച്ഛനമ്മമാരും സുഹൃത്തുക്കളും ബന്ധുക്കളും.
ബാലഭാസ്കറും ലക്ഷ്മിയും വെന്റിലേറ്ററിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ തന്നെയാണ് തേജസ്വനി ബാലയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നട്ടെല്ലിനും നാഡീവ്യവസ്ഥയ്ക്കും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ബാലഭാസ്കർ. ശസ്ത്രക്രിയയ്ക്ക് ശേഷവും രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ലക്ഷ്മി വെന്റിലേറ്ററിൽ തന്നെയാണ്. ഇന്നലെ കണ്ണുകൾ ചെറുതായി തുറന്നത് പ്രതീക്ഷയ്ക്ക് വക നൽകിയിരുന്നു.
തൃശൂർ വടക്കുന്നാഥ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേയാണ് തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ചത്. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ നാലുപേരെയും പുറത്തെടുത്തത്. മകൾ തേജസ്വനി ബാല ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ അനുമാനം.
