ദമ്പതികൾ കുഞ്ഞിന് വോട്ടെടുപ്പിലൂടെ പേര് തിരഞ്ഞെടുത്തു ലളിതമായ രീതിയിൽ പേരിടൽ ചടങ്ങും നടത്തി
നാഗ്പൂര്‍: ഒരു കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ പലരും പേര് നേരത്തെ നോക്കിവയ്ക്കാറുണ്ട്. ചിലർ കുഞ്ഞ് ജനിച്ച് കഴിഞ്ഞേ പേര് തീരുമാനിക്കുകയുള്ളൂ. എന്നാൽ മഹാരാഷ്ട്ര സ്വദേശികളായ മിഥുന്‍ മാന്‍സി ദമ്പതികൾ കുഞ്ഞിന് പേര് തിരഞ്ഞെടുത്തത് വ്യത്യസ്തമായ രീതിയിലൂടെയാണ്. വോട്ടെടുപ്പിന്റെ രീതിയിലാണ് കുഞ്ഞിന് ഈ ദമ്പതികൾ പേര് തിരഞ്ഞെടുത്തത്. വോട്ടെടുപ്പിലൂടെ കുഞ്ഞിന് പേര് തിരഞ്ഞെടുക്കുന്ന ആശയം അവതരിപ്പിച്ചപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും സന്തോഷത്തോടെ സമ്മതിച്ചു.
ഏപ്രില്‍ 15നാണ് വോട്ടെടുപ്പ് നടന്നത്. കുഞ്ഞിന് പേര് കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പ് എന്ന പേരുമിട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലോഗോയ്ക്ക് സമാനമായ ലോഗോയും നൽകി. വോട്ട് രേഖപ്പെടുത്തുന്നതിനായി ബാലറ്റ് പെട്ടിയും തയ്യാറാക്കി. കുടുംബാംഗങ്ങളെ കൂടാതെ ഗോണ്ടിയയിലെ മുന്‍ എംപി നാന പട്ടോള്‍, ബിജെപി എംഎല്‍എയും മുന്‍ എംഎല്‍എയും വോട്ടെടുപ്പിന് നിരീക്ഷകരായി എത്തി.
കുടുംബത്തിലെ 196 അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. എല്ലാവരും വോട്ട് രേഖപ്പെടുത്തി. പിന്നെ വോട്ടെണ്ണലിന്റെ ഘട്ടമെത്തി.യുവാൻ, യൗവിക്, യാക്ഷ് എന്നീ പേരുകളാണ് ഫെെനലിൽ ഉണ്ടായിരുന്നത്. വോട്ടെണ്ണിയപ്പോള്‍ 92 വോട്ട് കിട്ടിയത് 'യുവാന്‍' എന്ന പേരിനായിരുന്നു. അവസാനം മിഥുനും ഭാര്യയും മകന് യുവാൻ എന്ന പേര് നൽകാൻ തീരുമാനിച്ചു. ലളിതമായ രീതിയിൽ പേരിടൽ ചടങ്ങും നടത്തി. ഞങ്ങൾക്ക് ഭൂമി എന്ന മകൾ കൂടിയുണ്ട്. പക്ഷേ അന്ന് മകൾക്ക് പേരിടൽ ചടങ്ങായി ഒന്നും നടത്താൻ പറ്റിയില്ലെന്ന് മിഥുൻ പറഞ്ഞു.
