പാകിസ്ഥാന്‍: ബലൂച്ചിസ്ഥാന്‍ പ്രവിശ്യയിലെ ക്വാത്താ മേഖലയിലെ മെത്തഡിസ്റ്റ് പള്ളിയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏട്ട് പേര്‍ മരിക്കുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയുധദാരികളായ രണ്ടു പേര്‍ ക്രിസ്ത്യന്‍ പള്ളിയിലേക്ക് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. 

അഫ്ഘാനിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 65 കിലോമീറ്റര്‍ ദൂരെയാണ് അക്രമണം നടന്ന സ്ഥലം. ഇസ്ലാമിക്ക് ഗ്രൂപ്പുകള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. രണ്ട് ചാവേറുകളെ പള്ളിയുടെ വാതില്‍ക്കല്‍ തടയാന്‍ സാധിച്ചത് മരണസംഖ്യ കുറയ്ക്കാന്‍ കാരണമായെന്ന് ബലൂചിസ്ഥാന്‍ പ്രവിശ്യ ആഭ്യന്തര മന്ത്രി സര്‍ഫ്രാസ് ബുക്തി പറഞ്ഞു. ഒരു തീവ്രവാദി പൊട്ടിത്തെറിക്കുകയും മറ്റൊരാളെ പോലീസ് വെടിവെച്ച് വീഴ്ത്തുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് തീവ്രവാദികള്‍ ഇതിനിടെ രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 

ഞായറാഴ്ച രാവിലത്തെ കൂര്‍ബാന സമയമായതിനാല്‍ പള്ളിയില്‍ നല്ല തിരക്കുള്ള സമയമായിരുന്നു ആക്രമണം. ബലൂചിസ്ഥാനില്‍ ഷിയാ സുന്നി ആക്രമണങ്ങള്‍ പതിവാണെങ്കിലും അടുത്തകാലത്താണ് ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വ്യാപകമായത്. സംഭവത്തെ തുടര്‍ന്ന് ക്രസ്ത്യന്‍ പള്ളികള്‍ക്കുള്ള സുരക്ഷ കര്‍ശനമാക്കി.