കേരളത്തിന് തിരിച്ചടി പഴം പച്ചക്കറി വേണ്ടെന്ന് ഗൾഫ് കയറ്റുമതിക്ക് വിലക്ക് നിപ കാരണം
ദില്ലി: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും പഴം പച്ചക്കറി കയറ്റുമതിക്ക് യുഎഇയിലും ബഹ്റിനിലും വിലക്ക്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്നും പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കയറ്റുമതി വ്യാപാരികൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
ആദ്യം ബെഹ്റിനും പിന്നാലെ യുഎഇയുമാണ് വിലക്കേർപ്പെടുത്തിയത്. പഴവും പച്ചക്കറിയും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സർക്കാറിനെയാണ് അറിയിച്ചത്. കേന്ദ്രത്തിന്റെ അറിയിപ്പ് കയറ്റുമതി വ്യാപാരികൾക്കും ലഭിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതിദിനം 60 ടൺ പഴവും പച്ചക്കറിയുമാണ് ഗൾഫിലേക്ക് കയറ്റിഅയക്കുന്നത്. നെടുമ്പാശ്ശേരി വഴി 40 ടണ്ണും കോഴിക്കോടുനിന്നും 20 ടണ്ണുമാണ് പ്രതിദിനം കയറ്റുമാതി. നിപ കണ്ടെത്തിയത് കോഴിക്കോട് മാത്രമാണെങ്കിലും മൊത്തത്തിലാണ് വിലക്ക്.
കേരളത്തിൽ നിന്നും മാത്രമല്ല തമിഴ്നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും പഴവും പച്ചക്കറികളും കൂടി ശേഖരിച്ചാണ് വ്യാപാരികൾ കയറ്റുമതി ചെയ്യുന്നത്. കേന്ദ്ര സർക്കാറിന് കീഴിലെ പ്ലാൻറ് ക്വാറന്റെയിൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിൽ പരിശോധന നടത്തി അണുവിമുക്തമാണെന്ന് ഉറപ്പാക്കിയശേഷമാണ് കയറ്റുമതി ചെയ്യുന്നത്. പ്രശ്നത്തിൽ അടിയന്തിരമായി ഇടപടണമെന്നാണ് അഗ്രികൾച്ചറൽ പ്രോസസ്ഡ് ഫ്രൂട്ട് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് എബ്രഹാം തോമസി ജോജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
