തിരുവനന്തപുരം: കുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടിചോര്‍ മോഷണക്കേസില്‍ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പട്ടത്തുള്ള വീട്ടില്‍ നിന്നും കാറും ലാപ്‌ടോപ്പും മോഷ്ടിച്ച കേസിലാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ബണ്ടി സ്ഥിരം കുറ്റവാളിയാണെന്നും പരമാധവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

2013 ജനുവരി 20ന് തിരുവനന്തപുരം പട്ടത്തുളള ഒരു വീട്ടില്‍ നിന്നാണ് കാറും ലാപ്ലോപ്പും മോഷ്ടിച്ച് ദേവേന്ദ്രസിംഗെന്ന ബണ്ടിചോര്‍ കടക്കുന്നത്. ഈ കേസിലാണ് കോടതി ബണ്ടി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഭവനഭേദനം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ തെളിഞ്ഞതായി കോടതി കണ്ടെത്തി. രാജ്യത്ത് 300ലധികം കേസിലെ പ്രതിയായ ബണ്ടിയെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ച പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ബണ്ടിയെ ശിക്ഷിച്ച മറ്റ് കോടതികളുടെ വിധി പകര്‍പ്പും കേസുകളുടെ വിശദാംശങ്ങളും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദം കേള്‍ക്കും. ഈ മാസം 22ന് ഇക്കാര്യത്തില്‍ കോടതി വാദം കേള്‍ക്കും. കേസില്‍ പിടിയിലായ ബണ്ടി നാലു വര്‍ഷമായി പൂജപ്പുര സെന്‍ട്രല്‍ ജയിലാണ്. ബണ്ടി മനോരോഗിയാണെന്നും വിചാരണയില്‍ നിന്നും ഒഴിവാക്കി വിട്ടയക്കണമെന്നും ബണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ബണ്ടിയെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡ് വിചാരണ നേരിടാന്‍ ബണ്ടിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് വിചാരണ ആരംഭിച്ചത്.