ദിനംപ്രതി പെരുകുന്ന വാഹനങ്ങളെ കൊണ്ട് ബംഗളുരു നഗരത്തിലെ റോഡുകൾ കുരുക്കഴിയാതെ കിടക്കുകയാണ്.. നഗരപരിധിയിൽ മാത്രം ഇക്കൊല്ലം ഓഗസ്റ്റ് വരെ അറുപത്തിനാല് ലക്ഷത്തി എൺപത്തിയയ്യായിരം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിൽ പതിനാല് ലക്ഷത്തി അന്പത്തിയെട്ടായിരം കാറുകളും നാൽപ്പത്തിനാല് ലക്ഷത്തി ഒന്പതിനായിരം ഇരുചക്രവാഹനങ്ങളുമുൾപ്പെടുന്നു. നഗരത്തിന് പുറത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള വാഹനങ്ങളെ കൂടി കൂട്ടിയാൽ ഇത് ഒരു കോടി കവിയും.

രണ്ടായിരത്തി അഞ്ചിൽ നഗരനിരത്തിൽ വാഹനങ്ങളുടെ ശരാശരി വേഗം മണിക്കൂറിൽ മുപ്പത്തിയഞ്ച് കിലോമീറ്ററായിരുന്നു. രണ്ടായിരത്തി പത്തിൽ ഇത് ഇരുപത് കീലോമീറ്ററായി. ഇപ്പോൾ ഇത് ഒന്‍പത് ദശാംശം രണ്ട് കിലോമീറ്ററാണെന്ന് പൊലീസ് പറയുന്നു.

വാഹനങ്ങൾ പെരുകുന്നതിനിടൊപ്പം തന്നെ ബംഗളുരു നഗരത്തിലെ വായുവും വിഷമയമാകുന്നുവെന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് ഇരുപത്തിനാല് ശതമാനമാണ് ഉയർന്നത്. ഉദ്യാന നഗരമെന്ന് വിശേഷണമുള്ള ബംഗളുരുവിലെ കാലാവസ്ഥ മാറ്റത്തിന് പിന്നിലും ഈ വാഹനപ്പെരുപ്പമാണെന്നാണ് വിലയിരുത്തൽ.