ബംഗളൂരു: ബെംഗളൂരുവിൽ ബിസിനസ് പങ്കാളിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ച കേസിൽ മലയാളികളടക്കം പത്തുപേർ അറസ്റ്റിൽ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് പത്തനംതിട്ട സ്വദേശി ബാബു പാറയിൽ ഉൾപ്പെടെയുളളവർ പിടിയിലായത്.
സംഭവം ഈ മാസം എട്ടിന്.കർണാടകത്തിൽ ഇരുമ്പയിര് ഖനന കമ്പനിയുളള അടൂർ സ്വദേശി ഗണേഷിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.പിടിയിലായത് ഗണേഷിന്‍റെ ബിസിനസ് പങ്കാളിയും പത്തനംതിട്ട സ്വദേശിയുമായ ബാബു പാറയിൽ എന്ന ജോസഫ് സാം.,ഇയാളുടെ മകൻ പ്രഭ പാറയിൽ,വയനാട് സ്വദേശി സണ്ണി എബ്രഹാം എന്നിവർ.ഒപ്പം കുപ്രസിദ്ധ ഗുണ്ട വെങ്കടേഷും സഹായികളും.ഗണേഷിന്‍രെ പരാതി ഇങ്ങനെയാണ്..ബാബു പാറയിലുമായി ചിത്രദുർഗ ജില്ലയിൽ 28 ഏക്കർ മാതളക്കൃഷിയുണ്ടായിരുന്നു.48 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ കഴിഞ്ഞ വർഷം മാത്രം തോട്ടത്തിൽ നിന്ന് വിറ്റു.ഇതിന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തമ്മിൽ ഇടഞ്ഞു.കണക്കുകളെല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് ഗണേഷിനെ ബാബു ബെംഗളൂരു ശിവാനന്ദ സർക്കിളിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചു.സംസാരം തുടങ്ങുംമുമ്പേ ഒരു സംഘമാളുകൾ തന്നെ വളയുകയായിരുന്നുവെന്ന് ഗണേഷ് പറയുന്നു..
കാറിൽ കയറ്റി രാജാജി നഗറിലെ സങ്കേതത്തിലേക്ക് കൊണ്ടുപോയി.തുകൂരുവിലെ കൃഷിയിടത്തിന്‍റെ രേഖകളും ഒരു കോടി രൂപയും ആവശ്യപ്പെട്ടു.രേഖകൾ ചിത്രദുർഗയിലാണെന്നും അതുമായി പിറ്റേന്ന് വരാമെന്നും ഉറപ്പുകൊടുത്തപ്പോൾ തന്നെ വിട്ടയച്ചുവെന്ന് ഗണേഷ് പറയുന്നു.പിറ്റേന്ന് പൊലീസ് സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.
ബെംഗളൂരു ഹൈഗ്രൗണ്ട് പൊലീസാണ് കേസെടുത്തത്.പത്ത് പ്രതികലെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഓർത്തഡോക്സ് സഭ മാനേജ്മെന്‍റ് കമ്മിറ്റി അംഗം കൂടിയായ ബാബു പാറയിൽ മൂന്നു വർഷം മുമ്പാണ് ബെംഗളൂരുവിൽ ബിസിനസ് തുടങ്ങിയത്.അതേ സമയം ഒത്തുതീർപ്പിന് വിളിച്ചുവരുത്തി കളളക്കേസിൽ കുടുക്കിയെന്നാണ് ബാബുവിന്‍റെ അഭിഭാഷകർ പറയുന്നത്.
