മസ്ക്കറ്റ്: മൊബൈൽ നമ്പർ ഉപയോഗിച്ച് സുരക്ഷിതമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനുള്ള സംവിധാനത്തിനാണ് ഒമാൻ സെൻട്രൽ ബാങ്ക് ആരംഭം കുറിച്ചത്. സാമ്പത്തിക ഇടപാടുകള്‍ക്കായി ഇനി മുതല്‍ ബാങ്കുകളിൽ എത്തേണ്ട ആവശ്യമില്ല. എന്നാല്‍ രാജ്യത്തിന് പുറത്തേക്കു നടത്തേണ്ട സാമ്പത്തിക ഇടപാടുകൾ ഈ സംവിധാനത്തിലൂടെ സാധ്യമല്ല.
അതിവേഗത്തിൽ വളരെ സുരക്ഷിതമായി സാമ്പത്തിക ഇടപാടുകൾ നടത്തുവാൻ മൊബൈൽ പേയ്‌മെന്റ് സംവിധാനത്തിന് കഴിയുമെന്ന് സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി. മൊബൈൽ പൈയ്മെന്‍റ് സംവിധാനത്തിലൂടെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലും ധനകാര്യസേവനങ്ങളുടെ ഗുണഫലം എത്തിക്കാൻ സാധിക്കും .
ഒമാനിൽ നിലവിലുള്ള ഇലട്രോണിക് ഗവൺമെന്റ് നയങ്ങളെ പിന്തുണക്കാനും, അതുവഴി ദേശീയ തലത്തിൽ പണരഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. ഒരു മൊബൈൽ ഫോൺ നമ്പർ മാത്രം ഉപയോഗിച്ച് പണം കൈമാറാൻ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ജിസിസി രാജ്യങ്ങളില്‍ വെച്ചു ഒമാനിൽ ആണ് ആദ്യമായി ഇത്തരമൊരു ഏകീകൃത സംവിധാനം നിലവിൽ വന്നിരിക്കുന്നത്.
