കൊച്ചി:എറണാകുളം ആലുവയില്‍ വന്‍ നിരോധിത നോട്ടുവേട്ട. രണ്ടേ മുക്കാല്‍ കോടിയോളം വരുന്ന നിരോധിത നോട്ടുമായി ആറ് പേര്‍ പൊലീസ് പിടിയിലായി. ആലുവ സ്വദേശികളായ അനൂപ്, നിതിന്‍, ജിജു, ലൈല , മലപ്പുറം സ്വദേശികളായ അലി, അമീര്‍ എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറല്‍ എസ്‌പി എവി ജോര്‍ജ് രൂപീകരിച്ച ഷാഡോ പൊലീസ് സംഘവും ആലുവ സിഐ വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആലുവ പറവൂര്‍ കവലയില്‍ വച്ചാണ് പ്രതികളെ പിടികൂടിയത്.
രഹസ്യ വിവരത്തെതുടര്‍ന്ന്, പണവുമായി പോയ കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. പിന്തുടര്‍ന്ന പൊലീസ് സംഘം പറവൂര്‍ കവലയില്‍ വച്ച് കാര്‍ പിടികൂടി. നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. കമ്മീഷന്‍ പറ്റി നിരോധിത നോട്ടുകള്‍ മാറി നല്‍കുന്ന സംഘത്തിന്റെ ഭാഗമാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. പണം എത്തിയത് മലപ്പുറത്ത് നിന്നാണെന്നും ഇത് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് തുടരന്വേഷണത്തിലേ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. നിരോധിത നോട്ടുകള്‍ കണ്ടെത്തിയ വിവരം എന്‍ഫോഴ്‌സ്മെന്റ്, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്നും അവരും തുടരന്വേഷണം നടത്തുമെന്നും എസ്‌പി അറിയിച്ചു.
