സംസ്ഥാനത്ത് സാറ്റാര്‍ ഹോട്ടലുകളിലേയും ക്ലബുകളിലേയും മദ്യവിൽപന കേന്ദ്രങ്ങൾക്ക് പിന്നാലെ ബിവറേജസ് കോര്‍പറേഷന്റെ ഔട് ലറ്റുകളും പൂട്ടിത്തുടങ്ങി. അതിനിടെ സുപ്രീം കോടതി വിധിയെ മന്ത്രി ജി സുധാകരൻ പരോക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാറിന്റെ വരുമാന നഷ്ടവും സാമൂഹ്യ പ്രത്യാഘാതങ്ങളുമൊന്നും കോടതിക്ക് പ്രശ്‍നമല്ലല്ലോ എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ജി സുധാകരന്റെ പ്രതികരണം.

ഡ്രൈഡേക്ക് ശേഷമുള്ള ആദ്യ ദിനം . സ്റ്റോക്കെടുത്ത് നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി ബിവറേജസ് ഔട് ലറ്റുകൾ പൂട്ടിത്തുടങ്ങി. ബാറുകളിലേയും ക്ലബുകളിലെയും മദ്യവിൽപന കേന്ദ്രങ്ങൾ പൂട്ടി സീൽചെയ്തതിന് പിന്നാലെയാണ് നടപടി. കോടതി വിധിയിൽ പറയുന്ന മാനദണ്ഡം പാലിക്കാതെ പാതയോരത്ത് 134 ഔട് ലറ്റുകളുണ്ട്. ഇവ മാറ്റി സ്ഥാപിക്കാനുള്ള നീക്കങ്ങൾക്കും തിരിച്ചടി. പത്തനംതിട്ട ഊപ്പമണ്ണിൽ ബിവറേജസ് ഔട് ലറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം പ്രദേശ വാസികളുടെ എതിര്‍പ്പിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. തുറന്നിരിക്കുന്ന വിൽപന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പടുന്നത്. കോടതി വിധി നടപ്പാക്കുകയല്ലാതെ തൽകാലം നിവര്‍ത്തിയില്ലെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.

ബാറുകൾക്കും ക്ലബുകൾക്കും പിന്നാലെ ബിവറേജസ് ഔട് ലറ്റുകളും പൂട്ടിയതോടെ കടുത്ത പ്രതിസന്ധിയാണ് തൊഴിൽമേഖലയിലും. കെടിഡിസിയുടെ 28 ബിയര്‍ മാത്രമുണ്ട് മുന്നൂറോളം തൊഴിലാളികൾ. മാത്രമല്ല മദ്യവ്യവസായവുമായി ബന്ധപ്പെട്ട് നിൽക്കുന്ന 20000 ജീവനക്കാരുടേയും അനുബന്ധ തൊഴിലാളികളുടേയും പുനരധിവാസവും പ്രതിസന്ധിയിലാണ്.