വെളിച്ചെണ്ണ മനുഷ്യശരീരത്തിന് ദോഷകരമെന്ന റിപ്പോര്‍ട്ടുമായി ബിബിസി. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനെ (എഎച്ച്എ) ഉദ്ധരിച്ചാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. വെളിച്ചെണ്ണയ്ക്കെതിരെയുള്ള കുപ്രചരണങ്ങളെ ചെറുക്കാന്‍ കേരളസര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നതെന്നതാണ് ശ്രദ്ധേയം.

മൃഗക്കൊഴുപ്പ്, നെയ്യ് തുടങ്ങിയവയെക്കാളും അനാരോഗ്യത്തിനിടയാക്കുന്ന കൊഴുപ്പു നിറഞ്ഞതാണ് വെളിച്ചെണ്ണയെന്നാണ് ബിബിസി റിപ്പോര്‍ട്ട്. ഇത് ശരീരത്തില്‍ അനാവശ്യ കൊളസ്ട്രോള്‍ ഉല്‍പ്പാദിപ്പിക്കുമെന്നും ശരീരത്തിന് ദോഷകരമായ സാറ്റുറേറ്റഡ് ഫാറ്റ് ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് വെളിച്ചെണ്ണയിലാണെന്ന അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍റെ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.

വെളിച്ചെണ്ണയ്ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഗൂഢാലോചന നടക്കുന്നതായും ഇതിനെതിരെ ശക്തമായ പ്രചരണം നടത്തുമെന്നും കഴിഞ്ഞവര്‍ഷം കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെളിച്ചെണ്ണ മികച്ച ഭക്ഷ്യ എണ്ണയാണെന്നും ഇത് ശാസ്ത്രീയമായി തെളിയിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എഎച്ച്എയുടെ റിപ്പോര്‍ട്ട് ബിബിസി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വെളിച്ചെണ്ണയ്ക്കെതിരായ അന്താരാഷ്ട്ര പ്രചരണങ്ങള്‍ക്ക് രണ്ട് ദശാബ്‍ദത്തിലധികം പഴക്കമുണ്ട്. അമേരിക്കയിലെ സോയാബിന്‍ ഓയില്‍ നിര്‍മ്മാതാക്കളുടെയും മറ്റും താത്പര്യങ്ങളാണ് ഇതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.