ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാർലറിന് നേരെ വെടിവയ്പ്പ് ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു സ്ഥാപനത്തിനും തനിക്കും പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി: പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് നടി ലീന മരിയ പോൾ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ബ്യുട്ടിപാര്‍ലറിനു മതിയായ സംരക്ഷണം നൽകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടിപാർലറിന് നേരെ വെടിവയ്പ്പുണ്ടായ പശ്ചാത്തലത്തിലായിരുന്നു സ്ഥാപനത്തിനും തനിക്കും പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ഇപ്പോഴും രവി പൂജാരിയിൽ നിന്ന് ഭീഷണി സന്ദേശം ലഭിക്കുന്നുണ്ടെന്നും ഹർജിയിൽ ലീന വ്യക്തമാക്കിയിരുന്നു. 

എന്നാൽ ലീനയ്ക്ക് നിലവിൽ ആയുധങ്ങളോട് കൂടിയ രണ്ട് സുരക്ഷ ജീവനക്കാരുടെ സംരക്ഷണം ഉണ്ടെന്നും അത് തുടരുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ലീന മരിയ പോളും ഇക്കാര്യം അംഗീകരിച്ചതോടെയാണ് ഹർജി കോടതി തീർപ്പാക്കിയത്. ലീനയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിനു പൊലീസ് കാവൽ തുടരുമെന്നും സംരക്ഷണം ഉറപ്പാക്കിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

നിലവിൽ ലീനയ്ക്കും ഭർത്താവ് സുകേഷ് ചന്ദ്രശേഖറിനുമെതിരെ പണമിടപാടുമായി ബന്ധപ്പെട്ട മൂന്ന് കേസ് ഉണ്ട്. സംസ്ഥാനത്തെ കേസുകളുടെ വിശദാംശം പൊലീസ് പരിശോധിക്കുകയാണ്. ഐജി യുടെ മേൽനോട്ടത്തിൽ രണ്ട് സംഘം ബാംഗ്ലൂർ മുബൈ എന്നിവിടങ്ങളിൽ അന്വേഷണം നടത്തുകയാണ്. സുകേഷിന്‍റെ പേരിൽ 70ഓളം കേസ് ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ലീനയ്‌ക്കെതിരായ കേസുകളിൽ പൊലീസിന് ഉചിതമായ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യതമാക്കി.