ഏതു കേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരിയുടെ അറസ്റ്റ് ചെയ്തത്, ഏത് സംസ്ഥാനത്തിന്‍റെ ആവശ്യ പ്രകാരമാണ് അറസ്റ്റ് ചെയ്തത്, എന്നാണ് ഇന്ത്യയിലെത്തിക്കുന്നത് തുടങ്ങിയ വിവരങ്ങളാണ് സംസ്ഥാന പൊലീസ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ സംസ്ഥാന പൊലീസ് ഇന്‍റർപോളിന് കത്ത് നൽകി. സി ബി ഐ മുഖേനാണ് കത്ത് നൽകിയത്. രവി പൂജാരിയെ പിടികൂടിയെന്ന മാധ്യമ റിപ്പോർട്ടുകൾ സ്ഥിരികരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്.

ഏതു കേസുമായി ബന്ധപ്പെട്ടാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്, ഏത് സംസ്ഥാത്തിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് ചെയ്തത്, എന്നാണ് ഇന്ത്യയിലെത്തിക്കുക തുടങ്ങിയ വിവരങ്ങളാണ് സംസ്ഥാന പൊലീസ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

രവി പൂജാരിയുമായി ബന്ധപ്പെട്ട കേസില്‍ ഇത് രണ്ടാം തവണയാണ് സംസ്ഥാന പൊലീസ് ഇന്‍റർപോളിന് കത്ത് നൽകുന്നത്. ഓസ്ട്രേലിയയിൽ നിന്നാണെന്ന് പറഞ്ഞ് ലീനാ മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ രവി പൂജാരിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു അദ്യം കത്തു നൽകിയത്. 

Read more: ഇവിടെ രവി പൂജാരി, അവിടെ ആന്‍റണി ഫെര്‍ണാണ്ടസ്; ഒളിവില്‍ കഴിഞ്ഞത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍

ജനുവരി 19നാണ് പൂജാരി ആഫ്രിക്കയിലെ സെനഗലില്‍ അറസ്റ്റിലായതെന്ന വിവരം സ്ഥിരീകരിച്ചത് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ്. പൂജാരി ഒളിവിൽ കഴിഞ്ഞത് എവിടെയെന്നു കണ്ടെത്തിയത് നാല് മാസം മുമ്പാണ്. സെനഗൽ എംബസിക്ക് വിവരങ്ങൾ കൈമാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ അറുപതിലധികം ക്രിമിനൽ കേസുകളുണ്ട്. 

തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് ഇയാള്‍ക്കെതിരെ കൂടുതലായും റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്.