ബീജിംഗ്: കശ്‍മീര്‍ വിഷയത്തില്‍ ചൈന ഇടപെടുമെന്ന് ഭീഷണിപ്പെടുത്തി ചൈനീസ് മാധ്യമം.ചൈനീസ് സര്‍ക്കാരുമായി അടുത്തബന്ധമുള്ള ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടത്. അരുണാചല്‍പ്രദേശില്‍ ദലൈലാമയുടെ സന്ദര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള ഗ്ലോബല്‍ ടൈംസ് പ്രകോപനം തുടരുന്നത്. സാമ്പത്തികമായും,സൈനികമായും ഇന്ത്യയേക്കാള്‍ വലിയ ശക്തിയായ ചൈനയുടെ കടന്നാക്രമണം ഇന്ത്യ പ്രതിരോധിക്കുമോ എന്നാണ് പത്രം മുഖപ്രസംഗത്തില്‍ ചോദിക്കുന്നത്.
ദലൈ ലാമക്ക് അരുണാചല്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യ അവസരം നല്‍കിയതിനെ പത്രം നിശിതമായി വിമര്‍ശിക്കുന്നു.അപരിഷ്കൃതമായ നടപടിയാണ് ഇന്ത്യയുടെ ഭാഗത്തനിന്നുണ്ടായതെന്നും കശ്‍മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ബീജിങിന് സാധിക്കുമെന്നും പത്രം ഭീഷണിപ്പെടുത്തുന്നു.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയ്ലിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പത്രമാണ് ഗ്ലോബല്‍ ടൈംസ്. മാധ്യമങ്ങള്‍ക്ക് പുറമെ ചൈനീസ് സര്‍ക്കാരും ഈ വിഷയത്തില്‍ പ്രകോപനം തുടരുകയാണ്.
ഇന്ത്യയുടെ പ്രവര്‍ത്തി മാന്യതക്ക് നിരക്കാത്തതാണെന്ന് ചൈനീസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നു.ചൈന ഇന്ത്യയുമായി നല്ല ബന്ധമാണ് കാത്തു സൂക്ഷിക്കുന്നത് എന്നാല്‍ ഇന്ത്യ ദലൈലാമയെ നയതന്ത്ര ഉപകരണമാക്കുകയാണെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രതിനിധി ആവര്‍ത്തിച്ചു.ദലൈലാമയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വി കെ ഗോഖലെയെ വിളിച്ച് വരുത്തി ചൈന പ്രതിഷേധമറിയിച്ചു..അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജ്ജിജ്ജു ദലൈലമായുമായി കൂടിക്കാഴ്ച്ച നടത്തി.
