കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ മദ്യലഹരിയിലുണ്ടായ വാക് തര്‍ക്കത്തില്‍ സഹ തൊഴിലാളിയുടെ മര്‍ദനമേറ്റ് പശ്ചിമബംഗാള്‍ സ്വദേശി കൊല്ലപ്പെട്ടു. നിര്‍മലഗിരിയില്‍ സിമന്റ് ഗോഡൗണ്‍ തൊഴിലാളിയായ തുളസിയാണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. ഇയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ദാരുകാറന്‍ എന്ന സഹതൊഴിലാളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വാക്കുതര്‍ക്കത്തിനൊടുവില്‍ പരസ്പരം കൈയേറ്റമായതോടെ തുളസിയെ ഇയാള്‍ ചുമരിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തുളസിയുടെ വാരിയെല്ലിനും താടിയെല്ലിനും ഗുരുതരമായ ക്ഷതമേറ്റു. തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.