തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയതോടെ ബെവ്‌കോയുടെ നിലനില്പ് അപകടത്തിലാണെന്ന് എംഡി. 19 ദിവസം കൊണ്ട് 200 കോടിയുടെ നഷ്ടമുണ്ടായെന്നും മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ അടിയന്തിര ഇടപടെല്‍ വേണമെന്നാവശ്യപ്പെട്ട് ബെവ്‌കോ എംഡി സര്‍ക്കാറിന് കത്ത് നല്‍കി

ഇങ്ങിനെപോയാല്‍ ബെവ്‌കോക്ക് താഴിടേണ്ടിവരുമെന്നാണ് എം ഡി എച്ച് വെങ്കിടേഷിന്റെ മുന്നറിയിപ്പ്. സുപ്രീം കോടതി ഉത്തരവ് പ്രകാരം മാര്‍ച്ച് 31ന് മദ്യശാലകള്‍ പൂട്ടിയ ശേഷം ഇതുവരെയുണ്ടായ നഷ്ടം 200 കോടി. പ്രതിദിന നഷ്ടം എട്ടു മുതല്‍ പത്തു കോടി വരെയുണ്ടെന്നാണ് എം ഡി നല്‍കിയ കണക്ക്. 270 ഔട്ട് ലെറ്റുകളില്‍ 146 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തിക്കുന്നവയില്‍ തന്നെ പലതിനും തദ്ദേശ സ്ഥാപനങ്ങളുടെ സ്റ്റോപ്പ് മെമ്മോ കിട്ടിയിട്ടുണ്ട്. ഔട്ട് ലെറ്റുകള്‍ മാറ്റാനായി 60 ലേറെ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ എല്ലായിടത്തും ഉയരുന്ന ജനരോഷമാണ് പ്രശ്‌നമെന്നും ബെവ്‌കോ എം ഡി ചൂണ്ടിക്കാട്ടുന്നു. ബെവ്‌കോയുടെ നഷ്ടം കറന്‍സി പ്രതിസന്ധിയില്‍ ഉലയുന്ന സര്‍ക്കാറിനും തിരിച്ചടിയായി. ബെവ്‌കോ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിദിന വരുമാനം ട്രഷറിയിലേക്ക് മാറ്റാനായിരുന്നു ധനവകുപ്പിന്റെ നീക്കം. ബെവ്‌കോയുടെ വരുമാനം കുറഞ്ഞത് ധനവകുപ്പിന്റെ ബദല്‍ നീക്കങ്ങള്‍ക്കും തടസ്സമായി. മദ്യശാല മാറ്റാന്‍ കൂടുതല്‍ സമയം ചോദിച്ച സര്‍ക്കാറിന്റെ പ്രതീക്ഷ മുഴുവന്‍ സുപ്രീം കോടതിയിലാണ്. ആരോഗ്യപ്രശ്‌നങ്ങളാല്‍ അവധിയിലായിരുന്ന മന്ത്രി ടി പി രാമകൃഷ്ണന്‍ നാളെ വീണ്ടും എക്‌സൈസ് വകുപ്പിന്റെ ചുമതലയേല്‍ക്കും. മന്ത്രി ഉടന്‍ എക്‌സൈസിലെയും ബെവ്‌കോയിലെയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതി വിലയിരുത്തും.