പതിവ് ശീലം ആവര്‍ത്തിച്ച് മലയാളി ഓണം കെങ്കേമമായി ഇത്തവണയും ആഘോഷിച്ചപ്പോള്‍ ബിവറേജസ് കോര്‍പറേഷന് കിട്ടിയത് വന്‍ വരുമാനം. ഉത്രാടനാള്‍ അടക്കം കഴിഞ്ഞ എട്ട് ദിവസം മലയാളി കുടിച്ചു തീര്‍ത്തത് 409.55 കോടിയുടെ മദ്യം. മുന്‍വര്‍ഷത്തെ വില്പന 353.08 കോടിയായിരുന്നു. എട്ട് ദിവസത്തെ മദ്യവില്പന കുതിച്ചുകയറിയപ്പോള്‍ ഉത്രാടനാളില്‍ വില്പന താഴേക്ക് പോയി. 58.01 കോടിയുടെ മദ്യം ഇത്തവണ വിറ്റപ്പോള്‍ കഴിഞ്ഞ തവണത്തെ വില്പന 59 കോടിയായിരുന്നു. ഉത്രാടനാളില്‍ ഏറ്റവുമധികം മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലായിരുന്നു. 53.85 ലക്ഷം. വില്പനയില്‍ എന്നും മുന്നിലെത്തുന്ന ചാലക്കുടി ഇത്തവണ പിന്നോട്ട് പോയി. വില്പന 40 ലക്ഷമായിരുന്നു ആകെ വില്‍പ്പന.

കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളുടേയും ഫൈവ് സ്റ്റാര്‍ ബാറുകളിലെും വില്പനയുടെ കണക്ക് ഇനിയും പുറത്തുവരാനുണ്ട്. ഓണക്കാലം മില്‍മക്കും കോളടിച്ചു. ഉത്രാടനാളിലെ പാല്‍ വില്പനയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 5.09 ശതമാനം കൂടി. ഇന്നലെ വിറ്റത് 27,67,817 ലിറ്റര്‍ പാല്‍. മുന്‍ വര്‍ഷം 26,33,736 ലിറ്ററായിരുന്നു ഇത്‍. സാധാരണ ദിവസം മില്‍മയുടെ ശരാശരി പാല്‍ വില്പന 12.5 ലക്ഷമാണ്. കേരളത്തില്‍ ഉല്പാദനം കുറഞ്ഞതിനാല്‍ അന്യസംസ്ഥാനനങ്ങളില്‍ നിന്നും പാല്‍ കൊണ്ടുവന്നാണ് മില്‍മ വില്പന പൊടിപൊടിച്ചത്.