കോട്ടയം: സമരം പരിഹരിക്കാന്‍ ഇടപെടുമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പും ലംഘിക്കപ്പെട്ടതോടെ ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നു. മാനേജ്‌മെന്റിന്റെയും നഴ്‌സുമാരുടെയും പ്രതിനിധികളുമായി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ വിഷയത്തില്‍ ഇടപെടുമെന്നായിരുന്നു ജില്ലാ കലക്ടറുടെ വാഗ്ദാനം. ഇതും പാലിക്കപ്പെടാതെ വന്നതോടെ ജില്ലാതലത്തില്‍ നഴ്‌സുമാരുടെ പണിമുടക്കിന് നോട്ടീസ് നല്‍കാനാണ് യു.എന്‍.എയുടെ തീരുമാനം.
90 ദിവസമായി തങ്ങള്‍ തുടരുന്ന സമരത്തോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ആശുപത്രി മാനേജ്‌മെന്റിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്. രക്ഷകര്‍ത്താക്കള്‍ ഉള്‍പ്പെടുന്ന സമരസഹായ സമിതിയെയും ബഹുജനങ്ങളെയും സമരത്തില്‍ പങ്കാളികളാക്കുമെന്നും സമരക്കാര്‍ പറയുന്നു.
അതേസമയം, നഴ്‌സുമാരുടെ 72 ദിവസം നീണ്ടു നിന്ന ഉപരോധ സമരവും 17 ദിവസം പിന്നിട്ട നിരാഹാര സമരവും കണ്ടില്ലെന്നു നടക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍, വൈക്കം വിശ്വന്‍, കാനം രാജേന്ദ്രന്‍, കെ.എം മാണി, കുമ്മനം രാജശേഖരന്‍ തുടങ്ങി ഭരണ പ്രതിപക്ഷ പാര്‍ട്ടികളിലെ നിരവധി പ്രമുഖരുടെ സ്വന്തം ജില്ലയാണെങ്കിലും കൈക്കുഞ്ഞുങ്ങളുമായി രാവും പകലും സമരപ്പന്തലില്‍ തുടരുന്ന നഴ്‌സുമാരെ ഒരുവട്ടം സന്ദര്‍ശിക്കാന്‍ പോലും ഇവരിലാരും തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ജനജാഗ്രതായാത്രയുടെ സ്വീകരണകേന്ദ്രം സമരപ്പന്തലിനോട് ചേര്‍ന്നായിരുന്നതിനാല്‍ കാനം രാജേന്ദ്രന്‍ ഇവരുടെ കൈയില്‍ നിന്നും ഒരു നിവേദനം കൈപ്പറ്റിയെന്നത് മാത്രമാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ഒരേയൊരു ഇടപെടല്‍. ശമ്പളവര്‍ധനവ് അടിസ്ഥാന സൗകര്യവികസനങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. 8000 രൂപ മാത്രം ശമ്പളം നല്‍കുന്ന മാനേജ്‌മെന്റ് ഒരു ദിവസത്തെ അവധിക്ക് ആയിരം രൂപ ഫൈന്‍ ഈടാക്കുമെന്ന് ഇവര്‍ പറയുന്നു.
കൂടാതെ തങ്ങളുടെ സ്വകാര്യതകളെ ഹനിക്കുന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി ടിവി ക്യാമറകള്‍, നൈറ്റ് ഷെഡ്യൂളുകളിലെ അപാകതകള്‍, ഹോസ്റ്റല്‍ സൗകര്യം തുടങ്ങിയ വിഷയങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കിയ 60 പേരെ പിരിച്ചുവിട്ടായിരുന്നു മാനേജ്‌മെന്റിന്റെ പ്രതികാരനടപടി.
സംസ്ഥാനത്ത് ശമ്പളവര്‍ധനവുള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ അച്ചടക്കനടപടികളുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പുപോലും ലംഘിച്ചായിരുന്നു നടപടി. തുടര്‍ന്ന പ്രധാന സമരാവശ്യം പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുക എന്നതിലേക്ക് സമരം വഴിമാറുകയായിരുന്നു.
