ഭാരത് സ്കൗട്ട് ആൻറ്‍ ഗൈഡ് സംസ്ഥാന നിർവാഹക സമിതിയും പരീക്ഷാ ബോർഡും തമ്മിലുള്ള തർക്കത്തിൽ സർക്കാർ ഇടപെട്ടു. വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാവുമായിരുന്ന സംഭവം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത നൽകിയിരുന്നു.
തൃശൂർ: ഭാരത് സ്കൗട്ട് ആൻറ്‍ ഗൈഡ് സംസ്ഥാന നിർവാഹക സമിതിയും പരീക്ഷാ ബോർഡും തമ്മിലുള്ള തർക്കത്തിൽ സർക്കാർ ഇടപെട്ടു. സ്കൗട്ട് നിർവാഹക സമിതി സെക്രട്ടറിയെ മാറ്റി പുതിയ സെക്രട്ടറിയെ നിയോഗിച്ചു. വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാവുമായിരുന്ന സംഭവം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്ത നൽകിയിരുന്നു.
സെക്രട്ടറിയും നിർവാഹക സമിതിയംഗങ്ങളും പരീക്ഷാ ബോർഡും തമ്മിലുള്ള ശീതസമരത്തെ തുടർന്ന് നടത്താതിരുന്നിരുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നിശ്ചയിക്കുന്ന രാജ്യപുരസ്കാർ പരീക്ഷ 25 മുതൽ നടത്താനാണ് ഇപ്പോഴെടുത്ത തീരുമാനം. തൃശൂരിൽ മുൻ ഡിപിഐയും സംസ്ഥാന ചീഫ് കമ്മീഷണറുമായ കെ വി മോഹൻകുമാറിൻറെ സാനിധ്യത്തിൽ നടന്ന വിവിധ ജില്ലകളിൽ നിന്നുള്ള ഭാരവാഹികളുടെ യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ പി പ്രദീപ്കുമാറിനെ തെരഞ്ഞെടുത്തത്.
സാധാരണയായി ഡിസംബർ മാസത്തിൽ പരീക്ഷ നടന്ന് ഫെബ്രുവരിയോടെയാണ് ഫലം വരേണ്ട രാജ്യപുരസ്കാർ പരീക്ഷയാണ് സെക്രട്ടറിയും നിർവാഹക സമിതിയും, പരീക്ഷാ ബോർഡും തമ്മിലുള്ള ശീതസമരത്തിൽ നടക്കാതിരുന്നത്. മുൻ സെക്രട്ടറിയെ കുറിച്ച് അഴിമതിയാരോപണങ്ങൾ ഉയർന്നതും രേഖാമൂലമുള്ള പരാതികൾ ലഭിച്ചതോടെയാണ് നിർവാഹക സമിതിയിൽ തർക്കം ഉടലെടുത്തത്.
ഇതോടെ മറ്റ് അംഗങ്ങളെ അറിയിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്ന സെക്രട്ടറിയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. സെക്രട്ടറി രാജിവെച്ച് ഒഴിഞ്ഞതാണെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും മാറ്റുകയായിരുന്നുവെന്നാണ് അംഗങ്ങൾ സൂചിപ്പിച്ചത്.
25 മുതൽ 28 വരെയായി വിവിധ ജില്ലാ കേന്ദ്രങ്ങളിൽ രാജ്യപുരസ്കാർ പരീക്ഷ നടക്കും. എസ് എസ് എൽ സി പരീക്ഷക്ക് കാത്തിരിക്കുന്ന ഏഴായിരത്തോളം ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളാണ് രാജ്യപുരസ്കാർ പരീക്ഷയെഴുതാനുള്ളത്. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിലെ പരമോന്നത പുരസ്കാരമായ രാഷ്ട്രപതി സ്കൗട്ട് എന്നറിയപ്പെടുന്ന രാഷ്ട്രപതി പുരസ്കാര്‍ പരീക്ഷ എഴുതണമെങ്കിൽ അതിന് തൊട്ടു താഴെയുള്ള രാജ്യപുരസ്കാര്‍ പരീക്ഷ പാസാകണം. രാജ്യപുരസ്കാറിന് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്നവർക്ക് 49 മാർക്കുമാണ് എസ് എസ് എൽ സിക്ക് ഗ്രേസ് മാർക്കായി ലഭിക്കുക.
സംസ്ഥാന സ്കൗട്ട് കമ്മീഷണർ പ്രഫ.ഇ യു രാജൻ അധ്യക്ഷതയിലായിരുന്നു യോഗം. സംസ്ഥാന ഓർഗനൈസിങ് കമ്മീഷണർ അബ്ദുൾ മജീദും പങ്കെടുത്തിരുന്നു. ഫെബ്രുവരിയിൽ സംസ്ഥാന കബ് ബുൾബുൾ മേളയും മാർച്ച് അവസാനം റോവർ റേഞ്ചർ സമാഗമം നടത്തുന്നതിനും നിർവാഹക സമിതി തീരുമാനിച്ചിട്ടുണ്ട്.
