റെയ്ഡ് രാഷ്ട്രീയ വൈരം തീർക്കലാണെന്നും തനിക്ക് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും മുൻ ഹരിയാന മുഖ്യമന്ത്രി കൂടിയായിരുന്ന ഭൂപീന്ദർ ഹുഡ വിശദമാക്കി. 

ദില്ലി: ഓഫീസുകളിലും വസതിയിലും നടക്കുന്ന റെയ്ഡ് പിതാവിനെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചനയെന്ന് ഭൂപീന്ദർ ഹുഡയുടെ പുത്രന്‍ ദീപേന്ദർ ഹുഡ. തുടര്‍ച്ചയായ റെയ്ഡുകളിലൂടെ തന്നെ നിശബ്ദനാക്കാന്‍ സാധിക്കില്ലെന്ന് ഭൂപീന്ദർ ഹുഡ വിശദമാക്കി. റെയ്ഡ് രാഷ്ട്രീയ വൈരം തീർക്കലാണെന്നും തനിക്ക് നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും മുൻ ഹരിയാന മുഖ്യമന്ത്രി കൂടിയായിരുന്ന ഭൂപീന്ദർ ഹുഡ വിശദമാക്കി. 

ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദർ ഹുഡയുടെ വസതിയിലും ബന്ധപ്പെട്ട ഓഫീസുകളിലും സിബിഐ റെയ്ഡ് തുടരുകയാണ്. ഹരിയാനയിലെ റോത്തക്കിലെ വസതിയിലും ദില്ലിയിലെ വിവിധ ഓഫീസുകളിലുമാണ് റെയ്ഡ്. ഗുഡ്ഗാവിലെ 1300 ഏക്കര്‍ ഭുമി റിയല് എസ്റ്റേറ്റ് കമ്പനികള്‍ക്ക് കൈമാറിയതിന് പിന്നിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. 

ഭൂപീന്ദർ ഹുഡ ഹരിയാന മുഖ്യമന്ത്രിയും ഹരിയാനാ വികസന അതോറിറ്റി ചെയർമാനും ആയിരിക്കേ നടത്തിയ വിവിധ ഇടപാടുകളെക്കുറിച്ച് സിബിഐ അന്വേഷിച്ചുവരികയാണ്. പഞ്ചകുളയില്‍ നാഷണല് ഹെറാള്‍ഡിന് ഭൂമി നല്കിയ കേസില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. റോബർട്ട് വാദ്രക്ക് ഭൂമി നല്കിയ കേസിലും അന്വേഷണം നടന്നുവരികയാണ്.