തൃശൂര്‍: ഒല്ലൂരില്‍ ജ്വല്ലറിയില്‍ കവര്‍ച്ച. നാലേമുക്കാല്‍ കിലോ സ്വര്‍ണം നഷ്ടപ്പെട്ടതായി കടയുടമ. നാലുപേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഒല്ലൂരിലെ ആത്മിക ജ്വല്ലറിയിലായിരുന്നു കവര്‍ച്ച നടന്നത്. ജ്വല്ലറിയ്ക്ക് പിന്നിലെ പഴയ ഓട്ടു കമ്പനിയുടെ വെളിമ്പറമ്പ് വഴിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പിന്നിലെ ഷട്ടറും ഗ്രില്ലും അറുത്താണ് മോഷ്ടാക്കള്‍ കടയ്ക്കുള്ളില്‍ പ്രവേശിച്ചത്. കടയിലുണ്ടായിരുന്ന നാലേമുക്കാല്‍ കിലോ സ്വര്‍ണവും രണ്ടു കിലോ വെള്ളിയും നഷ്ടപ്പെട്ടതായാണ് കടയുടമ പൊലീസിനോട് പറഞ്ഞത്.
ഇന്നലെ രാത്രി എട്ടുമണിയ്ക്കാണ് കട അടച്ചത്. രാത്രി ഒരുമണിയോടെ മുഖം മറച്ച മോഷ്ടാവ് കടയ്ക്കുള്ളില്‍ പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് മോഷ്ടാക്കള്‍ സിസിടിവി നിശ്ചലമാക്കി. ഓട്ടു കമ്പനിയോട് ചേര്‍ന്ന് കാടു മൂടിയ സ്ഥലത്തുനിന്നും ഗ്യാസ് കട്ടര്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കൊണ്ടുവരാന്‍ ഉപയോഗിച്ച ബാഗുകള്‍ പൊലീസ് കണ്ടെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ജ്വല്ലറിയിലെ സ്റ്റോക്ക് രജിസ്റ്റര്‍ പരിശേധിച്ച ശേഷമേ എത്ര സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് പറയാനാകൂ എന്ന നിലപാടിലാണ് പൊലീസ്.
നാലു പേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമനിക നിഗമനം. ഇതര സംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
