സോളാര്‍ കേസ്പ്രതി ബിജു രാധാകൃഷ്ണന് തൊണ്ടയില്‍ ക്യാന്‍സറാണെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സോളാര്‍ കേസ്പ്രതി ബിജു രാധാകൃഷ്ണന് തൊണ്ടയില്‍ ക്യാന്‍സറാണെന്ന് റിപ്പോര്‍ട്ട്. മാരകരോഗമുള്ള തടവുകാരുടെ കാര്യം പരിഗണിക്കുന്ന ജയില്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ മുന്നിലെത്തിയ പേരുകളില്‍ ബിജു രാധാകൃഷ്ണന്‍റെ പേരും ഉണ്ട്. തൊണ്ടയില്‍ ക്യാന്‍സറാണെന്ന് കഴിഞ്ഞ ആഴ്ചയാണ് കണ്ടെത്തിയത് എന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ഇത് സംബന്ധിച്ച സൂചന നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ബിജു അടക്കമുള്ള പ്രതികളുടെ പരിശോധന നടത്തിയത്.

ബിജു രാധാകൃഷ്ണന്‍റെ പേര് ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒരാഴ്ച മുമ്പ് റീജണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മാസങ്ങള്‍ നീണ്ട ചികിത്സ വേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു. ഭാര്യ രശ്മിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു ജയില്‍ കഴിയുകയാണ് ബിജു രാധാകൃഷ്ണന്‍.

കേസുകള്‍ക്കായി കോടതിയെത്തുമ്പോഴെല്ലാം തനിക്ക് മാരകരോഗങ്ങളുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. എന്നാല്‍, ജയില്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പലവട്ടം നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്താനായില്ല. ഇതിനിടെയാണ് ആര്‍സിസിയില്‍ പരിശോധന നടക്കുന്നതും രോഗം സ്ഥിരീകരിക്കുന്നതും.