സിപിഎം-ബിജെപി ഉഭയകക്ഷി ചര്‍ച്ച ചര്‍ച്ച രഹസ്യമായി

കണ്ണൂര്‍:സംഘര്‍ഷം അവസാനിപ്പിക്കാന്‍ കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സിപിഎം-ബിജെപി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നത് രഹസ്യമായി.സിപിഎം-ബിജെപി ഉഭയകക്ഷി യോഗം കളക്ടറുടെ വസതിയിലേക്ക് മാറ്റി. മാധ്യമങ്ങളെ കയറ്റരുതെന്നും നിര്‍ദ്ദേശമുണ്ട്.

വൈകിട്ട് 6 മണിക്ക് കളക്ടറേറ്റിൽ വെച്ച് ഉഭയകക്ഷി ചർച്ച നടക്കുമെന്നാണ് സിപിഎം -ബിജെപി നേതാക്കൾക്ക് ലഭിച്ചിരുന്ന വിവരം. അതേസമയം മാഹിയിൽ നടന്ന കൊലപാതകങ്ങൾക്ക് കണ്ണൂരിൽ സമാധാന ചർച്ച നടത്തിയിട്ട് എന്ത് കാര്യമെന്ന അതൃപ്തിയും പാർട്ടികൾക്കുണ്ട്. കഴിഞ്ഞ തവണ നടന്ന സർവ്വകക്ഷിയോഗം വാക്കേറ്റത്തിൽ കലാശിച്ചിരുന്നു. അതേസമയം ഷമേജ് വധക്കേസിൽ ഫോൺ രേഖകൾ സഹായകരമാവുമെന്ന പ്രതീക്ഷയിലാണ് ന്യൂമാഹി പൊലീസ്. അതേസമയം ബാബു വധക്കേസിൽ പ്രതികളെ തിരിച്ചെറിഞ്ഞെങ്കിലും ഇവരെ കണ്ടെത്തേണ്ടതുണ്ട്.

സംഘർഷ സാഹചര്യം തൽക്കാലത്തേക്ക് അയഞ്ഞത് പൊലീസിന് ആശ്വാസമായിട്ടുണ്ട്. ഇതോടെ അന്വേഷണത്തിലേക്കും പ്രതികളെ തെരയുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്ന് പൊലീസ് പ്രതീക്ഷിക്കുന്നു. എന്നാൽ കൊലപാതകം നടന്നതോടെ ഏർപ്പെടുത്തിയ കനത്ത സുരക്ഷ തുടരും. ഇതിനിടെയാണ് ഡിജിപിമാർ തമ്മിൽ നടന്ന കൂടിക്കാഴ്ച്ചയിൽ സിപിഎം സംഘമെത്തിയത് ഗൂഢാലോചനയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തുന്നത്.