ചാര നിറമുള്ള വോക്‌സ്വാഗന്‍ പോളോ കാറിലാണ് ബിഷപ്പും സംഘവും ചോദ്യം ചെയ്യലിനായി എത്തിയത്. കാറിനുള്ളില്‍ ഉള്ളവരെ കാണാനാകാത്ത വിധം ചില്ലുകള്‍ മറച്ചിരുന്നു.

കൊച്ചി: തന്നെ ബലാത്സംഗം ചെയ്തു എന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ അവസാനിച്ചത് വൈകുന്നേരം ആറരയ്ക്കാണ്. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ബിഷപ്പിന് ഉച്ചഭക്ഷണം നല്‍കിയെങ്കിലും ജ്യൂസും ബിസ്‌കറ്റും മാത്രമാണ് ഫ്രാങ്കോ മുളയ്ക്കല്‍ കഴിച്ചത്. ഇടയ്ക്കിടെ വെള്ളവും ആവശ്യപ്പെട്ടു. 

ചാര നിറമുള്ള വോക്‌സ്വാഗന്‍ പോളോ കാറിലാണ് ബിഷപ്പും സംഘവും ചോദ്യം ചെയ്യലിനായി എത്തിയത്. കാറിനുള്ളില്‍ ഉള്ളവരെ കാണാനാകാത്ത വിധം ചില്ലുകള്‍ മറച്ചിരുന്നു. തൃപ്പൂണിത്തുറ റെജിസ്‌ട്രേഷന്‍ കാര്‍ ഇരുമ്പനത്തുള്ള ഒരു ലോജിസ്റ്റിക്‌സ് കമ്പനിയുടെ പേരിലുള്ളതാണ്. ആദ്യം വന്ന കാര്‍ മാറി ഈ കാറില്‍ കയറിയതാണെന്നാണ് സംശയിക്കുന്നത്. 

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചൊവ്വാഴ്ച ഏറെ വൈകിയാണ് ബുധനാഴ്ച ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈ എസ്പി ഐജി വിജയ് സാഖറയെ കണ്ടതിന് ശേഷമാണ് ബുധനാഴ്ച രാവിലെ തൃപ്പൂണിത്തുറയില്‍ എത്തിയത്. രൂപതാ പി.ആര്‍.ഒ. ഫാ. പീറ്റര്‍ കാവുംപുറവും മറ്റ് രണ്ടുപേരും വണ്ടിയിലുണ്ടായിരുന്നു.

കൊച്ചി ഡിസിപി ജെ ഹിമേന്ദ്രയ്ക്കായിരുന്നു സുരക്ഷ ചുമതല. ഇടയക്ക് അഭിഭാഷകരുടെ സ്റ്റിക്കര്‍ പതിച്ച ഒരു കാര്‍ വന്നു പോയി. ഫോറന്‍സിക് വിഭാഗത്തിന്റെ വാഹനവും എത്തിയിരുന്നു. വൈകുന്നേരമായതോടെയാണ് ഫ്രാങ്കോയെ വിടുമെന്ന സൂചനകള്‍ പുറത്തെത്തിയത്. വൈകുന്നേരം പുറത്തേക്കെത്തിയ ബിഷപ്പ് ക്യാമറകള്‍ ഉയരുന്നത് കണ്ട് പെട്ടെന്ന് തലതാഴ്ത്തി കാറിനുള്ളില്‍ കയറുകയായിരുന്നു. 

നൂറ്റമ്പത് ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും അന്വേഷണ സംഘം തയ്യാറാക്കിയിരുന്നെന്നാണ് വിവരം. നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിച്ചുവെന്നും വിവരമുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനമുണ്ടായേക്കും.