തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് അവരുടെ ഇന്നത്തെ വേതനം നല്‍കാമെന്നു പറഞ്ഞാണ് മനുഷ്യച്ചങ്ങലയില്‍ പങ്കെടുപ്പിക്കുന്നത്. ജോലി ചെയ്യിക്കാതെതന്നെ ഖജനാവിലെ പണം ദുരുപയോഗം ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളെ പാര്‍ട്ടി വളര്‍ത്താനും പാര്‍ട്ടി വല്‍ക്കരിക്കാനുമുള്ള നടപടികളുടെ ഭാഗമാണിത്. 

തൊഴില്‍ ചെയ്യാതെതന്നെ കൂലി നല്‍കാമെന്ന് സി.പി.എം. വാഗ്ദാനം ചെയ്തിട്ടും മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കില്ലെന്നു പറഞ്ഞ തൊഴിലുറപ്പ് തൊഴിലാളികളെ അവര്‍ ഭീഷണിപ്പെടുത്തിയും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും വെട്ടിക്കുറയ്ക്കുമെന്നും പറഞ്ഞും സഹകരിപ്പിക്കാനാണ് ശ്രമിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ പദ്ധതികൊണ്ട് ജനങ്ങള്‍ക്ക് നേരിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ കേരളത്തില്‍ സി.പി.എം. നടത്തുന്ന സമരങ്ങളോട് ജനങ്ങള്‍ക്ക് വിശ്വാസമില്ല.

ഈ സമരങ്ങളോട് കേരളത്തിലെ ജനങ്ങള്‍ ഇതുവരെ താല്‍പര്യമില്ലാത്തൊരു സമീപനമാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് തൊഴിലുറപ്പ് തൊഴിലാളികളെവരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഉള്‍പ്പെടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുപ്പിക്കാന്‍ സി.പി.എം. ശ്രമിക്കുന്നത്. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.