തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രസ്താവന നടത്തിയ മദ്ധ്യപ്രദേശിലെ നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനോട് യോജിപ്പില്ലെന്ന് ബിജെപി. ഇത് ബിജെപിയുടെ ശൈലിയല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യത്തില്‍ അടിയുറച്ച് നിന്ന് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ബിജെപി. 

നൂറുകണക്കിന് പ്രവര്‍ത്തകര്‍ മരിച്ചു വീഴുമ്പോഴും ജനാധിപത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് ബിജെപി വ്യതിചലിച്ചിട്ടില്ല. എത്ര എതിര്‍പ്പുള്ളയാളേയും ആശയത്തിലൂടെ മാറ്റിയെടുക്കാനാകുമെന്ന് വിശ്വാസം ബിജെപിക്കുണ്ട്. മുഖ്യമന്ത്രിയെന്നല്ല ഒരാളും കൊല്ലപ്പെടണമെന്ന് ബിജെപി കരുതുന്നില്ല. പ്രസ്ഥാവന നടത്തിയയാളെ ആര്‍എസ്എസ് അഖിലേന്ത്യാ നേതൃത്വം തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. 

കൊലയാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. കൊലയാളികളെ മന്ത്രിസഭയില്‍ പോലും ഉള്‍പ്പെടുത്തിയ പ്രസ്ഥാനമാണ് സിപിഎം. അതിനാല്‍ തന്നെ ഇതിന്റെ പേരില്‍ ബിജെപിയുടെ മേല്‍ കുതിരകയറാന്‍ സിപിഎം ശ്രമിക്കരുതെന്നും രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.