ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരനെ തിരിച്ചെടുക്കാന്‍ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടെന്നാണ് ആരോപണം

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരനെ തിരിച്ചെടുക്കാന്‍ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടെന്നാണ് ആരോപണം.

പാലക്കാട് എലപ്പുള്ളിയില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ആര്‍ഡിഒയ്ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് സെക്ഷന്‍ ക്ലാര്‍ക്കായിരുന്ന വി രാമകൃഷ്ണനെ ആദ്യം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പിരിച്ചു വിടുകയും ചെയ്തു.

2017 ജൂണ്‍ 14ന് വി രാമകൃഷ്ണന്‍ മന്ത്രി കെ ടി ജലീലിന് സങ്കട ഹര്‍ജി നല്‍കി. ഒരു പരിശോധനയും നടത്താതെ ജൂണ്‍ 16ന് തന്നെ മന്ത്രി രാമകൃഷ്ണനെ പുറത്താക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഉചിതമായ പുനര്‍നിയമനത്തിന് ഉത്തരവിട്ടെന്നാണ് ബിജെപിയുടെ ആരോപണം.

വകുപ്പ് മേധാവി പുറത്താക്കിയ ആളെ തിരിച്ചെടുക്കാന്‍ മന്ത്രിക്ക് അധികാരമില്ലെന്നും മന്ത്രി നടത്തിയത് അധികാര ദുര്‍വിനിയോഗമെന്ന് ബിജെപി ആരോപിച്ചു. ഉന്നതല തല അന്വേഷണത്തിന് സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് തുടക്കമിടാനാണ് ബിജെപിയുടെ നീക്കം.