ഇന്‍ഡോര്‍: തന്‍റെ പാര്‍ട്ടിയുടെ ദയ കൊണ്ട് മാത്രമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെെലാഷ് വിജയ്‍വര്‍ഗിയ. ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ ഒന്ന് തുമ്മിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തെറിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി, കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 100 കോടി വാഗ്ദാനം ചെയ്തുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആരോപണം ഉന്നയിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ബിജെപി നേതാവിന്‍റെ പ്രതികരണം. ഒരു പൊതു ചടങ്ങില്‍ സംസാരിക്കുന്നതിനിടെ ഇത് എന്ത് സര്‍ക്കാരാണെന്നാണ് കെെലാഷ് ചോദിച്ചത്.

ഈ സര്‍ക്കാര്‍ നമ്മുടെ ദയ കൊണ്ടാണ് മുന്നോട്ട് പോകുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചതിയിലൂടെ വോട്ടുകള്‍ ഭിന്നിപ്പിച്ചു. അത് കൊണ്ട് സംസ്ഥാനം നമ്മുടെ പിടിയില്‍ നിന്ന് പോയി. പക്ഷേ, അത് ഏത് നിമിഷവും തിരിച്ച് വരാമെന്ന് ബിജെപി നേതാവ് പറഞ്ഞു.

ദില്ലിയില്‍ നിന്ന് അനുവാദം ലഭിച്ചാല്‍ മാത്രം മതി, നമ്മള്‍ ഇവിടെ സര്‍ക്കാരുണ്ടാക്കുമെന്നും കെെലാഷ് കൂട്ടിച്ചേര്‍ത്തു. ബിജെപി ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ബിജെപി വോട്ടര്‍മാരെ അവഹേളിക്കുകയാണ് ചെയ്തതെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് നീലാബ് ശുക്ല പറഞ്ഞു.