ന്യൂഡല്‍ഹി: എം.പിമാരും എം.എല്‍.എമാരുമായ 51 ജനപ്രതിനിധികള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയ കേസുകളില്‍ പ്രതികളാണെന്ന് പഠനം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം എന്ന എന്‍.ജി.ഒ നടത്തിയ പഠനത്തിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേസുകളുള്ള 51 പേരില്‍ 48 പേരും എം.എല്‍.എമാരാണ്.
ഇത്തരത്തില്‍ കേസുകളുള്ള പാര്‍ട്ടി ജനപ്രതിനിധികളില്‍ കൂടുതല്‍ ബി.ജെ.പി ജനപ്രതിനിധികളാണ് എന്നും എ.ആര്‍.ഡി പുറത്തു വിട്ട കണക്കുകള്‍ പറയുന്നു. എം.എല്‍.എ, എം.പിമാരുമായി ബി.ജെ.പിയുടെ 14 ജനപ്രതിനിധികള്‍ക്കെതിരെ ഇത്തരത്തില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പഠനം വ്യക്തമക്കുന്നത്.
ശിവസേന-ഏഴ്, തൃണമൂല്‍ കോണ്‍ഗ്രസ്-ആറ് എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ള പാര്‍ട്ടികളുടെ കണക്കുകള്‍. സ്ത്രീപീഡനം, കിഡ്‌നാപ്പിങ്, വിവാഹത്തിന് നിര്‍ബന്ധിക്കല്‍, ശാരീരിക അതിക്രമങ്ങള്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിനായി വാങ്ങല്‍ അടക്കം ആകെയുള്ള 51 കേസുകളില്‍ ഉള്‍പ്പെടുന്നുണ്ട്.
ഇന്ന അധികാരത്തിലുള്ള എം.എല്‍.എമാരുടെയും എം.പിമാരുടെയും 4896 തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ 4852 എണ്ണം പരിശോധിച്ചാണ് എ.ഡി.ആര്‍ പഠനം നടത്തിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി ആകെയുള്ള 776 എം.പിമാരില്‍ 774 സത്യവാങ്മൂലവും ആകെയുള്ള 4120 എം.എല്‍.എമാരില്‍ 4078 എം.എല്‍.എമാരുടെ സത്യവാങ്മൂലവും പഠനവിധേയമാക്കി. പരിശോധനയില്‍ എം,പിമാരും എം.എല്‍.എമാരുമടക്കം 1581 ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും പഠനം വ്യക്തമാക്കുന്നു(ഏകദേശം 30 ശതമാനത്തോളം ജനപ്രതിനിധികള്‍).
