യെദ്യൂരപ്പയും ശ്രീരാമലുവും എംപിസ്ഥാനം രാജിവച്ചു സാങ്കേതികമായി ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം ഉപതെരഞ്ഞെടുപ്പുകളിൽ കണ്ണുവച്ച് ബിജെപി
ദില്ലി: പതിനാറാം ലോക്സഭയിൽ ആദ്യമായി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിന് വേണ്ട 272 എന്ന സംഖ്യ ബിജെപിക്ക് നഷ്ടമായി. കര്‍ണാടകത്തിൽ നിന്നുള്ള അംഗങ്ങളായ ബി എസ് യെദ്യൂരപ്പയും ശ്രീരാമലുവും എംപി സ്ഥാനം രാജിവച്ച് എംഎൽഎമാരായതോടെയാണ് മാന്ത്രിക സംഖ്യ നഷ്ടമായത്. ലോക്സഭയിൽ ആകെ 543 സീറ്റ്. ഒപ്പം രണ്ട് ആംഗ്ലോ ഇന്ത്യൻ അംഗങ്ങളും. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272.
നിലവിൽ ഒറ്റയ്ക്ക് കഷ്ടിച്ച് ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിയുടെ അംഗസംഖ്യ ബിഎസ് യെദ്യൂരപ്പയും ബി ശ്രീരാമുലുവും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്യാൻ രാജി വച്ചതോടെ 271 ആയി കുറഞ്ഞു. കേവല ഭൂരിപക്ഷത്തേക്കാൾ ഒന്ന് കുറവ്. ഇരുവരുടേയും സീറ്റുകളുൾപ്പെടെ ഏഴ് സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതിനാൽ നിലവിലുള്ള 536 സീറ്റുകളിൽ സാങ്കേതികമായി ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. എന്നാൽ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എതിരായാൽ ബിജെപിക്ക് ആ മുൻതൂക്കവും നഷ്ടമാകും .
282 സീറ്റുമായാണ് 2014ൽ ബിജെപി അധികാരത്തിൽ എത്തിയത്. അതാണ് ഇന്ന് 271ൽ എത്തി നില്ക്കുന്നത്. എട്ട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി 2014നു ശേഷം തോറ്റു. 2014-ൽ 44 സീറ്റുണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ 48 സീറ്റുണ്ട്. ഇനിയുള്ള ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചാലും പ്രതിപക്ഷ നേതാവിനായി വാദിക്കാൻ ആവശ്യമായ 55 എന്ന സംഖ്യയിലെത്താൻ കോൺഗ്രസിന് കഴിയില്ല.
