ലക്നോ: സമാജ്‌വാദി പാര്‍ടിയിലെ പിളര്‍പ്പ് ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നു. പ്രതിസന്ധി രൂക്ഷമായാല്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പിലേക്ക് പോകാനുള്ള  നീക്കങ്ങള്‍ ബിജെപി നടത്തും. എസ്‌പിയിലെ പ്രശ്നങ്ങള്‍ എങ്ങനെ അവസാനിക്കും എന്നത് പ്രാദേശിക പാര്‍ട്ടി രാഷ്‌ട്രീയത്തിനും നിര്‍ണായകമാണ്.

അഖിലേഷ് യാദവ് 2012ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുതല്‍ ദൃശ്യമായ വൈരുദ്ധ്യങ്ങളാണ് ഇപ്പോഴത്തെ പിളര്‍പ്പിലേക്ക് വഴിവെച്ചിരിക്കുന്നത്. ആന്ധ്രപ്രദേശില്‍ എന്‍.ടി.രാമറാവുവിനും മരുമകന്‍ ചന്ദ്രബാബു നായിഡുവിനും ഇടയില്‍ ഒരുകാലത്ത് ദൃശ്യമായ ഭിന്നതയാണ് മുലായത്തിലൂടെയും അഖിലേഷിലൂടെയും ആവര്‍ത്തിക്കുന്നത്. അന്ന് ആ പിളര്‍പ്പിന് ശേഷം ചന്ദ്രബാബു നായിഡു കരുത്ത് നേടിയതുപോലെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വിരുദ്ധക്യാമ്പിന്റെ പ്രധാനമുഖമായി തനിക്ക് മാറാനാകും എന്ന പ്രതീക്ഷയിലാണ് അഖിലേഷ് യാദവിന്‍റെ നീക്കങ്ങള്‍.

ഇനിയൊരു പോരാട്ടത്തിനുള്ള ബാല്യം മുലായത്തിനില്ല. മുലായത്തിന് ഒപ്പം നില്‍ക്കുന്ന ശിവ്പാല്‍ യാദവിനോ അമര്‍സിംഗിനോ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയും ഇല്ല. ഈ അവസരം ഉപയോഗിച്ച് പാര്‍ടി പിളര്‍ത്തിയാലും രാഷ്‌ട്രീയ മേല്‍ക്കോയ്മ നേടുകയാണ് അഖിലേഷിന്‍റെ ലക്ഷ്യം. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നല്ല പ്രതിഛായമാത്രം പോരെന്ന് അഖിലേഷിനും അറിയാം. അതിനാല്‍ ദീര്‍ഘകാല ലക്ഷ്യങ്ങളോടെയാണ് അഖിലേഷിന്‍റെ ഇപ്പോഴത്തെ നീക്കങ്ങളെന്ന് വ്യക്തം. 2014ല്‍ ഉത്തര്‍പ്രദേശില്‍ തരംഗം ഉണ്ടാക്കിയ ബി.ജെ.പിക്ക് ഇപ്പോഴത്തെ സംഭവ  വികാസങ്ങള്‍ വലിയ നേട്ടമാണ്.

ഹിന്ദു വോട്ടുകളുടെ ധ്രുവീകരണമാണ് 2014ല്‍ ബി.ജെ.പിയെ തുണച്ചത്. സമാജ്‌വാദി പാര്‍ടിയിലെ ഭിന്നത അവര്‍ക്കൊപ്പം നില്‍ക്കുന്ന പിന്നാക്കക്കാരില്‍ നല്ലൊരു ശതമാനത്തെ ബി.ജെ.പി ക്യാമ്പിലെത്തിക്കും. സമാജ്‌വാദി പാര്‍ടിക്ക് പിന്നില്‍ ഉറച്ചുനിന്നിട്ടുള്ള മുസ്ളീം വിഭാഗം ബി.എസ്.പിക്കൊപ്പം നീങ്ങാനാണ് സാധ്യത. അഖിലേഷ് കോണ്‍ഗ്രസിനെയും ആര്‍.എല്‍.ഡിയെയും ഒപ്പം കൂട്ടുകയും മുലായം സിംഗിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ടി രംഗത്തിന് ഇറങ്ങുകയും ചെയ്താല്‍ ചതുഷ്കോണ മത്സരത്തിനാകും ഇത്തവണ ഉത്തര്‍പ്രദേശ് സാക്ഷ്യംവഹിക്കുക.

33 വര്‍ഷം പഴക്കമുള്ള ലോഹ്യവാദി രാഷ്‌ട്രീയത്തില്‍ നിന്ന് പിറവിയെടുത്ത പാര്‍ടിയിലാണ് ഇന്ന് ഈ അസാധാരണ പ്രതിസന്ധി രൂപംകൊണ്ടിരിക്കുന്നത്. ഏറ്റവും അധികം എം.പിമാരെ പാര്‍ലമെന്‍റിലേക്ക് അയക്കുന്ന ഉത്തര്‍പ്രദേശിലെ സംഭവവികാസങ്ങള്‍ ഇന്ത്യയില്‍ പ്രാദേശിക പാര്‍ടികളുടെ ഭാവി ഗതിവിഗതികളെയും നിയന്ത്രിക്കും.