ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരമാണ് കേസെടുത്തതെന്ന് തൃശൂര്‍ വെസ്റ്റ് പൊലീസ് ബി.ജെ.പിയുടെ ഐ.ടി. സെല്‍ കൈകാര്യം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ബിജു നായര്‍

തൃശൂര്‍: കേരളവര്‍മ കോളജിലെ അധ്യാപിക ദീപ നിഷാന്തിനെ ഫെയ്സ്ബുക് വഴി വധഭീഷണി മുഴക്കിയ കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം സ്വദേശിയായ ബി.ജെ.പി. പ്രവര്‍ത്തകന്‍ ബിജു നായരാണ് അറസ്റ്റിലായത്. ബി.ജെ.പിയുടെ ഐ.ടി. സെല്‍ കൈകാര്യം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ബിജു നായര്‍. 

ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരമാണ് കേസെടുത്തതെന്ന് തൃശൂര്‍ വെസ്റ്റ് പൊലീസ് പറഞ്ഞു. ഇതോടെ, ദീപ നിഷാന്തിന്റെ പരാതിയില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ നാലു പേരെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളില്‍ ദീപയുടെ നന്പര്‍ പോസ്റ്റ് ചെയ്ത ശേഷം എല്ലാവരോടും വിളിക്കാന്‍ നിര്‍ദ്ദേശിച്ചവരാണ് കുടുങ്ങിയത്. 

ബി.ജെ.പി. പ്രവര്‍ത്തകനായ തൃശൂര്‍ മാള സ്വദേശി അനീഷും അറസ്റ്റിലായിരുന്നു. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം ലഭിച്ചു. രമേഷ് കുമാര്‍ നായര്‍ എന്ന പേരിലുള്ള എഫ്.ബി. അക്കൗണ്ടില്‍ നിന്നാണ് ദീപയുടെ രക്തത്തിനായി മുറവിളി ഉയര്‍ന്നത്. ഇതിനു മറുപടിയെന്നോണം ബിജു നായരിട്ട കമന്റാണ് പരാതിക്കിടയാക്കിയത്. 

രമേഷ് കുമാര്‍ നായരെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കത്വയിലെ പീഡനക്കേസിനെപ്പറ്റി ദീപക് ശങ്കരനാരായണന്‍ ഇട്ട എഫ്.ബി. പോസ്റ്റ്, കമന്റ് ബോക്സില്‍ പകര്‍ത്തിയിട്ടതിന്റെ പേരിലായിരുന്നു ദീപ നിഷാന്തിനെതിരായ സൈബര്‍ ആക്രമണത്തിന് കാരണം.