റാഞ്ചി: ബീഫ് കൈവശംവെച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ റാംഗഢില്‍ കഴിഞ്ഞ ആഴ്ച നടന്ന സംഭവത്തിലാണ് ബിജെപി നേതാവ് നിത്യാനന്ദ് മാത്തോ ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റിലായിരിക്കുന്നത്. സംഭവം. ബിജെപി പ്രാദേശിക നേതാവ് പപ്പു ബാനര്‍ജിയുടെ വീട്ടില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കാറില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദ്ദിച്ചശേഷം, കാര്‍ കത്തിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ അലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരി പിന്നീട് ആശുപത്രിയില്‍വെച്ച് മരണപ്പെട്ടു. നിത്യാനന്ദിന്റെ നേതൃത്വത്തിലുള്ള സംഘം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് അസ്ഗര്‍ അന്‍സാരിയെ ആക്രമിച്ചത്. സംഭവത്തിന്റെ തുടക്കത്തില്‍ നിത്യാനന്ദ് സ്ഥലത്ത് ഇല്ലായിരുന്നെങ്കിലും പിന്നീട് അസ്ഗര്‍ അന്‍സാരിയെ മര്‍ദ്ദിക്കാന്‍ ഇദ്ദേഹവുമുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചത് കേസില്‍ ഏറെ നിര്‍ണായകമായി. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.