കോഴിക്കോട്: ബിജെപി നേതാവ് സൈന്യത്തില്‍ ജോലി വാഗ്ദാനം പണം തട്ടിയതായി പരാതി. ആര്‍എസ്എസ് പ്രവർത്തകനായിരുന്ന യുവാവിന്‍റെ പരാതിയിൽ ബിജെപി ഉത്തരമേഖലാ സെക്രട്ടറി എം പി രാജനെതിരെ കുറ്റ്യാടി പൊലീസ് കേസ്സെടുത്തു.
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷത്തോളം രൂപ ബിജെപി ഉത്തരമേഖലാ സെക്രട്ടറി എംപി രാജൻ വാങ്ങിയെന്നാണ് പരാതി. കോഴിക്കോട് കക്കട്ടിൽ ചെറിയ കൈവേലിയിലെ ആര്‍എസ്എസ് പ്രവർത്തകനായ അശ്വന്തില്‍ നിന്നാണ് ലക്ഷങ്ങള്‍ തട്ടിയത്.ബാംഗ്ലൂരിലെ സൈനിക പരിശീലക കേന്ദ്രത്തിൽ പ്രവേശനം ലഭ്യമാക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ രാജന്‍ വാങ്ങിയതായി യുവാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആര്‍എസ്എസ് ശാഖാ സ്ഥല പ്രമുഖ് ആയിരുന്നു അശ്വന്ത്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായതായി അശ്വന്ത് പറഞ്ഞു.
പണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബിജെപി ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നു അശ്വന്ത് പറഞ്ഞു. പിന്നീട് രാജനെതിരെ വടകര റൂറല്‍ എസ്‍പിക്ക് പരാതി നല്‍കുകയായിരുന്നു.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406, 420 വകുപ്പു പ്രകാരം വിശ്വാസ വഞ്ചന,തട്ടിപ്പ്കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കുറ്റ്യാടി പൊലീസ് കേസ്സെടുത്തിരിക്കുന്നത്. ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോള്‍ മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.
