ജയ്പൂര്‍: ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ വിദ്യാര്‍ഥി ഹോസ്റ്റലുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ഏകദേശം 40,000 വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സംസ്ഥാനത്തെ 800ഓളം വരുന്ന സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ ദിവസവും രാവിലെ 7 മണിക്ക് ദേശീയ ഗാനം ആലപിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. സാമൂഹിക നീതി വകുപ്പാണ് ഉത്തരവ് പുറക്കിറക്കിയത്.

സംസ്ഥാനത്തെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവില്‍ ഈ രീതി പിന്തുടരുന്നുണ്ട്. ഇത് സര്‍ക്കാര്‍ എയ്ഡഡ് ഹോസ്റ്റലുകളിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ 26 നാണ് എല്ലാ ദിവസവും രാവിലെ പ്രാര്‍ത്ഥനാ സമയത്ത് ദേശീയ ഗാനം ആലപിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തരവിറക്കിയത്. വിദ്യാര്‍ഥികളില്‍ ദേശ ഭക്തി ഉണര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ സമിത് ശര്‍മ്മ അഭിപ്രായപ്പെട്ടു.

ഹിന്ദു സ്പിരിച്വാലിറ്റി ആന്റ് സര്‍വീസ് ഫൗണ്ടേഷന്‍ എന്ന സംഘടന സംഘടിപ്പിക്കുന്ന ആധ്യാത്മിക മേളയ്ക്ക് കുട്ടികളെ കൊണ്ടുപോകണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയ സര്‍ക്കാര്‍ നടപടി അടുത്തിടെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ലവ് ജിഹാദിനെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകങ്ങള്‍ വിതരണത്തിന് വച്ചിരിക്കുന്ന സ്റ്റാളുകളടങ്ങിയ മേളയ്ക്ക് കുട്ടികളെ കൊണ്ടുപോകണമെന്ന് സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്