മംഗലൂരു: ബിജെപിയുടെ മംഗലൂരു ചലോ മാർച്ചിന്‍റെ പശ്ചാത്തലത്തില്‍ മംഗലൂരു നഗരത്തിൽ വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. യുവമോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് നേരത്തെ കർണാടക പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് മാർച്ച് നടത്താനുള്ള നീക്കത്തിലാണ് ബിജെപി.
ഇതേതുടർന്നാണ് മംഗലൂരുവിൽ പൊലീസ് സുരക്ഷ ശക്തമാക്കിയത്. നഗരത്തിൽ അർധ സൈനിക വിഭാഗം റൂട്ട് മാർച്ചും നടത്തിയിരുന്നു. മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സാഹചര്യം കൂടെ പരിഗണിച്ചാണ് പൊലീസ് മുൻ കരുതൽ.
കർണാടകത്തിൽ ഹിന്ദു സംഘടനാ പ്രവർത്തകരുടെ കൊലപാതകത്തില്‍ ആരോപണ വിധേയരായ സംഘടനകളെ നിരോധിക്കുക, മംഗലൂരു ജില്ലയുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രി രാംനാഥ് റായ് രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് റാലി.
