ഹൈദ്രാബാദ്: പശ്ചിമബംഗാളിലെ ബാസിര്‍ഘട്ടിലെ കലാപങ്ങള്‍ക്ക് പിന്നാലെ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് രംഗത്ത്. പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ ഉണരണമെന്നും 2002 ല്‍ ഗുജറാത്തില്‍ ഹിന്ദുക്കള്‍ മറുപടി നല്‍കിയപോലെ അവിടെയും മറുപടി നല്‍കണമെന്ന് ബിജെപി എംഎല്‍എ. ആന്ധ്രയിലെ ഗൊസാമഗല്‍ മണ്ഡലത്തിലെ എംഎല്‍എയായ ടി രാജാ സിംഗാണ് വീഡിയോയിലൂടെ വിവാദ പരാമര്‍ശം നടത്തിയത്.

ഇന്ന് പശ്ചിമബംഗാളില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ല, ഗുജറാത്തിലെ പോലെ ബംഗാളിലെ ഹിന്ദുക്കളും പ്രതികരിക്കണം, അല്ലാത്തപക്ഷം ബംഗാള്‍ ബംഗ്ലാദേശായി മാറുമെന്നാണ് സിംഗ് പറഞ്ഞത്.വര്‍ഗ്ഗീയത നടത്തുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് പറഞ്ഞ്, രാജാസിംഗ് മുഖ്യമന്ത്രി മമത ബാനര്‍ജിയെ കുറ്റപ്പെടുത്തി.

മതവിദ്വേഷം കലര്‍ന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ സംഘര്‍ഷം തുടരുകയാണ്. 17 വയസുകാരനായ വിദ്യാര്‍ത്ഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സംഘര്‍ഷത്തിന് കാരണം. വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്‌തെങ്കിലും കൊല്‍ക്കത്തയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ബദുരെ നഗരത്തില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. നഗരത്തിലെ റോഡുകള്‍ ബ്ലോക്ക് ചെയ്ത അക്രമികള്‍, നിരവധി പേരെ അക്രമിക്കുകയും കടകമ്പോളങ്ങള്‍ തകര്‍ത്തതായും പൊലീസ് പറഞ്ഞു.