രാജ്യസഭയിൽ പ്രതിപക്ഷത്തിന് ആശ്വാസം ജഗൻറെഡ്ഡിയുടെ പിന്തുണ പ്രതിപക്ഷത്തിന് നവീൻപട്നായിക്കിനെ അനുനയിപ്പിക്കാൻ മമതയുടെ ശ്രമം
ദില്ലി: രാജ്യസഭാ ഉപാധ്യക്ഷ തെരെഞ്ഞെടുപ്പിൽ ബിജെപി നീക്കങ്ങൾക്ക് തിരിച്ചടി. എൻഡിഎ സ്ഥാനാർത്ഥിക്കെതിരെ വോട്ടു ചെയ്യാൻ വൈഎസ്ആർ കോൺഗ്രസ് തീരുമാനിച്ചു. ബിജു ജനതാദൾ നേതാവ് നവീൻ പട്നായിക്കിൻറെ പിന്തുണയ്ക്കായി മമതാ ബാനർജി ശ്രമം തുടങ്ങി.
പാർലമെൻറ് സമ്മേളനത്തിനു മുമ്പ് ആശയക്കുഴപ്പം പ്രകടമായിരുന്ന പ്രതിപക്ഷ ക്യാംപിന് വൈഎസ്ആർ കോൺഗ്രസിൻറെ പിന്തുണ ആശ്വാസമായി. രണ്ട് എംപിമാർ വൈഎസ്ആർ കോൺഗ്രസിനുണ്ട്. ആന്ധ്രപ്രദേശിന് പ്രത്യേകപദവി നല്കാതെ ബിജെപിയുമായി സഹകരണം ആലോചിക്കില്ലെന്നാണ് വൈഎസ്ആർ കോൺഗ്രസിന്റെ നിലപാട്.
ഇതോടെ രാജ്യസഭയിൽ ഭരണപക്ഷത്ത് 112ഉം പ്രതിപക്ഷത്ത് 114 പേരുമായി. ബിജെഡി, ടിആർഎസ് എന്നിവരുടെ അവസാന തീരുമാനം നിർണ്ണായകമാകും. 9 അംഗങ്ങളുടെ ബിജു ജനതാദളിനെ ഒപ്പം നിറുത്താൻ തൃണമൂൽ നോതാവ് മമതാ ബാനർജി നീക്കം തുടങ്ങിയെന്നാണ് സൂചന. വൈകിട്ട് പ്രതിപക്ഷ എംപിമാരുടെ യോഗം ദില്ലിയിൽ ചേർന്ന് സ്ഥാനാർത്ഥിയെക്കുറിച്ച് ആലോചിക്കും. ഉപാദ്ധ്യക്ഷസ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിറുത്തേണ്ടതില്ല എന്നാണ് രാവിലെ രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് യോഗത്തിലുണ്ടായ ധാരണ.
ചന്ദ്രബാബു നായിഡു വിട്ടു പോയ സാഹചര്യത്തിൽ ജഗൻ മോഹൻ റെഡ്ഡിയെ കൊണ്ടു വന്ന് എൻഡിഎ ശക്തിപ്പെടുത്താൻ കേന്ദ്രമന്ത്രി രാംദാസ് അതവാലെയുടെ നേതൃത്വത്തിൽ ബിജെപി നീക്കം തുടങ്ങിയിരുന്നു. ബിജെപിയെ എതിർക്കാനുള്ള വൈഎസ്ആർ കോൺഗ്രസിൻറെ തീരുമാനത്തോടെ മുത്തലാഖ് ബില്ല് പാസ്സാകാനുള്ള സാധ്യതയും ഇല്ലാതാകുകയാണ്.
