സംസ്ഥാനത്തു നടക്കുന്ന ചെറുതും വലുതുമായ ഭൂ സമരങ്ങൾ ഏറ്റെടുക്കാനുള്ള നടപടികൾ ബിജെപി സംസ്ഥാന നേതൃത്വം തുടങ്ങി. ഗവിയിൽ kfdcയുടെ ഏലത്തോട്ടം തൊഴിലാളികളുടെ ഭൂ സമര കേന്ദ്രങ്ങള്‍ കുമ്മനം രാജശേഖരൻ സന്ദർശിച്ചു.
സംസ്ഥാനത്തെ ഭൂസമരങ്ങൾ ഏകോപിപ്പിച്ച് ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന ബിജെപി സംസ്ഥാന സമിതിയാണ് തീരുമാനിച്ചത്. കേരളത്തിൽ വിവിധ ഭാഗത്തായി 30 തിലധികം സ്ഥലത്ത് ഭൂ സമരങ്ങൾ നടക്കുന്നുണ്ട്. ഏകോപനമില്ലാത്തതിനാൽ ഇവ വിജയത്തിലെത്തുന്നില്ലെന്നാണ് ബിജെപി കണ്ടെത്തിയിരിക്കുന്നത്. അതിനാലാണ് ഇവരെ ഒരു കുടക്കീഴിലാക്കാൻ ബിജെപി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ആദ്യ പടിയായി എല്ലാ ജില്ലകളിലെയും സമരപ്പന്തലുകൾ സംസ്ഥാന പ്രസിഡൻറ് നേരിട്ട് സന്ദർശിക്കും. മൂന്നു ലക്ഷത്തോളം പേരാണ് ഭൂരഹിതരായിട്ടുള്ളത്.
ഗെവിയിലെ സമരപ്പന്തലിൽ നിന്നാണ് സന്ദർശനം ആരംഭിച്ചത്. കേരള വനം വികസന കോർപ്പറേഷൻറെ ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് ഇവിടെ സമരം നടത്തുന്നത്. ശ്രീലങ്കയിൽ നിന്നും പുനരധിവസിപ്പിച്ചവരാണ് ഇവിടുള്ളത്. ജോലിയിൽ നിന്നും വിരമിക്കുന്നതോടെ ഇവർക്ക് താമസിക്കാൻ ഇടമില്ലാതാകും. അതിനാലാണ് ഭൂമി ആവശ്യപ്പെട്ട് തൊഴിലാളികൾ രണ്ടു മാസമായി സമരം നടത്തുന്നത്. ഇത്തരത്തിലുള്ള സമരക്കാരെ ഏകോപിപ്പിച്ച് മാർച്ച് ആദ്യം വിപുലമായ കൺവൻഷൻ നടത്തുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
